മിർപുർ: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഏഴു വിക്കറ്റ് വിജയം. ദേശീയ വനിതാ ടീമിൽ കളിക്കുന്ന ആദ്യ കേരള താരം എന്ന ഖ്യാതി സ്വന്തമാക്കിയ വയനാട്ടുകാരി മിന്നു മണി അരങ്ങേറ്റ മത്സരത്തിൽ തന്നെ കന്നി വിക്കറ്റും കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമാണു നേടിയത്. മൂന്നോവറിൽ 21 റൺസ് വഴങ്ങിയ മിന്നു, ഓപ്പണർ ഷമീമ സുൽത്താനയുടെ (13 പന്തിൽ 17) വിക്കറ്റ് സ്വന്തമാക്കി. തന്‍റെ ആദ്യ ഓവറിലെ നാലാമത്തെ പന്തിലായിരുന്നു നേട്ടം. സ്ക്വയർ ലെഗ്ഗിൽ ജമീമ റോഡ്രിഗ്സിന്‍റെ ക്യാച്ച്. മത്സരത്തിൽ ഇന്ത്യക്കു ലഭിച്ച ആദ്യ ബ്രേക്ക്ത്രൂവും ഇതുതന്നെയായിരുന്നു.
മിന്നുവിനെ കൂടാതെ പൂജ വസ്ത്രാകർ, ഷഫാലി വർമ എന്നിവരും ഓരോ വിക്കറ്റ് നേടി. ബംഗ്ലാദേശിന്‍റെ രണ്ടു ബാറ്റർമാർ റണ്ണൗട്ടായിരുന്നു.
മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ റൺസൊന്നുമെടുക്കാതെയും, വൺഡൗൺ ബാറ്റർ ജമീമ റോഡ്രിഗ്സ് 11 റൺസിനും പുറത്തായെങ്കിലും, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും (34 പന്തിൽ 38) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (35 പന്തിൽ പുറത്താകാതെ 54) ചേർന്ന്, 22 പന്ത് ബാക്കി നിൽക്കെ അനായാസ ജയത്തിലേക്ക് ടീമിനെ നയിച്ചു. വിക്കറ്റ് കീപ്പർ യത്സിക ഭാട്ടിയ ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു. ഹർമൻപ്രീതാണ് പ്ലെയർ ഓഫ് ദ മാച്ച്.