വി.കെ. സഞ്ജു
കേരള ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ രണ്ട് തവണയാണ് രഞ്ജി ട്രോഫി ടൂർണമെന്‍റിന്‍റെ സെമി ഫൈനൽ കളിച്ചിട്ടുള്ളത്. അതിൽ ആദ്യത്തേത് ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ഡേവ് വാട്ട്മോറിനു കീഴിലായിരുന്നെങ്കിൽ, രണ്ടാമത്തേത് ഈ വർഷമാണ്. ഇപ്പോഴും കേരളത്തിന്‍റെ കോച്ച് മലയാളിയല്ല, മധ്യപ്രദേശുകാരനാണ്- പേര് അമയ് ഖുറാസിയ. അദ്ദേഹം ഒരു പടി കൂടി കടന്ന് ഇതാ കേരളത്തെ ഫൈനലിലേക്കു നയിച്ചിരിക്കുന്നു- കേരള ക്രിക്കറ്റിന്‍റെ 68 വർഷത്തെ ഫസ്റ്റ് ക്ലാസ് ചരിത്രത്തിൽ, ഇതുവരെയുള്ള ഏറ്റവും തിളക്കമുള്ള മുഹൂർത്തം!
പതിനേഴാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇടങ്കയ്യൻ ബാറ്റർ. ടി20 ക്രിക്കറ്റൊക്കെ പിറക്കും മുൻപേയുള്ള യുഗത്തിൽ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ ബിഗ് ഹിറ്ററെന്നു പേരെടുത്തവൻ. ക്രിക്കറ്റ് പ്രേമികളായ നയന്‍റീസ് കിഡ്സിൽ പലർക്കും ഓർമ കാണും അമയ് ഖുറാസിയയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 1999ൽ ശ്രീലങ്കയ്ക്കെതിരായ ആ മത്സരത്തിൽ നേടിയത് 57 റൺസ്. 47 പന്തിൽ നാല് ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.
അരങ്ങേറ്റ മത്സരത്തിൽ അമയ് ഖുറാസിയയുടെ ബാറ്റിങ്.
അന്നത്തെ സാധാരണ സ്കോറിങ് റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്റിങ് വെടിക്കെട്ട് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്രകടനം. സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ഉൾപ്പെട്ട ആ ടീമിന്‍റെ ക്യാപ്റ്റൻ അജയ് ജഡേജയായിരുന്നു. 91 പന്തിൽ 65 റൺസെടുത്ത് ഗാംഗുലി പുറത്തായ ശേഷം ക്രീസിലെത്തിയ ഖുറാസിയ ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് 125 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യ 51 റൺസിനു ജയിച്ച മത്സരത്തിൽ, സെഞ്ചുറിയടിച്ച ജഡേജയായിരുന്നു മാൻ ഒഫ് ദ മാച്ച്.
ഖുറാസിയയുടെ അവസാനത്തെ അന്താരാഷ്ട്ര മത്സരവും ശ്രീലങ്കയ്ക്കെതിരേ തന്നെയായിരുന്നു. അന്ന് വീരേന്ദർ സെവാഗിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത് പൂജ്യത്തിനു പുറത്തായ ശേഷം ദേശീയ ടീമിൽ അവസരം കിട്ടിയിട്ടില്ല. ഇതിനിടെ 1999ലെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും ഒരു മത്സരത്തിൽപ്പോലും പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടില്ല.
പക്ഷേ, പ്രൊഫഷണൽ ക്രിക്കറ്റിലേക്കിറങ്ങും മുൻപേ അക്കാഡമിക് രംഗത്ത് വലിയൊരു കടമ്പ കടന്നിരുന്നു ഖുറാസിയ. അസാമാന്യ 'പഠിപ്പിസ്റ്റുകൾ' മാത്രം ക്ലിയർ ചെയ്യുന്ന യുപിഎസ്‌സി പരീക്ഷ അദ്ദേഹം പാസായിരുന്നു. നിലവിൽ ഇന്ത്യൻ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്‍റിൽ ഇൻസ്പെക്റ്ററാണ്.
ഇന്ത്യ എ ടീമിനു വേണ്ടി പാക്കിസ്ഥാനെതിരേ 41 റൺസെടുത്ത ഇന്നിങ്സ്.
ഇന്ത്യൻ ടീമിനു വേണ്ടി 12 ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ അവസരം കിട്ടിയതെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി 119 മത്സരങ്ങൾക്കിറങ്ങി. 40 ശരാശരിയിൽ ഏഴായിരത്തിലധികം റൺസും നേടി. 21 ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ അദ്ദേഹത്തിന്‍റെ പേരിലുണ്ട്. പക്ഷേ, ദേശീയ ടീമിൽ വല്ലപ്പോഴും കിട്ടിയ അവസരങ്ങളിൽ പിന്നെയൊരു അർധ സെഞ്ചുറി പോലും നേടാനായില്ല.
സ്റ്റമ്പിനു മുന്നിലേക്ക് ഷഫിൾ ചെയ്തു കയറുകയും, ഓഫ് സ്റ്റമ്പിനു പുറത്തേക്ക് ബാറ്റ് വീശുകയും ചെയ്യുന്ന ഖുറാസിയയുടെ പ്രവണത ഷോയിബ് അക്തറെ പോലുള്ള ഫാസ്റ്റ് ബൗളർമാർ പരമാവധി മുതലെടുക്കുകയും ചെയ്തു.
ഷോയിബ് അക്തറിനെ പന്തിൽ ക്ലീൻ ബൗൾഡാകുന്ന അമയ് ഖുറാസിയ.
2006ൽ മധ്യപ്രദേശിനു വേണ്ടി തന്‍റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച ഖുറാസിയ, വിരമിച്ച ശേഷവും ക്രിക്കറ്റുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഐപിഎല്ലിലെ സുവർണ താരങ്ങളായ രജത് പാട്ടീദാർ, ആവേശ് ഖാൻ എന്നിവരുടെ മാർഗദർശിയായ ഖുറാസിയ ഫുൾ ടൈം കോച്ചിങ് റോളിൽ കേരളത്തിലേക്കും വന്നു.
ജലജ് സക്സേനയ്ക്കു പിന്നാലെ കേരള ക്രിക്കറ്റിന് അവിസ്മരണീയ സംഭാവന നൽകിയ രണ്ടാമത്തെ മധ്യപ്രദേശുകാരനാകാൻ ഖുറാസിയക്ക് ഒരു സീസൺ തികച്ച് വേണ്ടിവന്നതുമില്ല.