ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.

 

ഏഷ്യ കപ്പ് നേടിയ സമയത്ആതെഘോഷ ചിത്രം (File photo)

Sports

വനിതാ ക്രിക്കറ്റിൽ വസന്തത്തിന്‍റെ ഇടിമുഴക്കം

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈയൊരു വ്യാഴവട്ടം ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ വിപ്ലവത്തിന്‍റെ കാലഘട്ടം കൂടിയായിരുന്നു.

VK SANJU

മികച്ച പരിശീലന സൗകര്യങ്ങളോ പ്രതിഫലമോ പേരോ പ്രശസ്തിയോ ഇല്ലാത്ത കാലത്തുനിന്ന്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് അവിശ്വസനീയ വേഗത്തിലാണ് പുരുഷ ക്രിക്കറ്റിന്‍റെ സമൃദ്ധിയുമായി കിടപിടിക്കും വിധം വളർന്നു വികസിച്ചിരിക്കുന്നത്. പുരുഷ താരങ്ങൾക്കു തുല്യമായ വേതനം വനിതാ താരങ്ങൾക്കും കിട്ടുന്ന കാലത്ത്, പുരുഷ ക്രിക്കറ്റിലേതിനെക്കാൾ സമ്മാനത്തുകയുള്ള വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു. സ്വന്തം നാട്ടിൽ ഈ കിരീടം സ്വന്തമാക്കിയാൽ,‌ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് അർഹിക്കുന്ന ആദരമായി അതു മാറും. അങ്ങനെയൊരു വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റിനു വളർച്ചയുടെ പുതിയ ചക്രവാളങ്ങളും തുറന്നു കൊടുക്കും.

സ്പോർട്സ് ഡെസ്ക്

ഇന്ത്യൻ വനിതാ ടീമിന്‍റെ ക്യാപ്റ്റനായിരിക്കെ ഒരു വാർത്താസമ്മേളനത്തിൽ മിഥാലി രാജിനെ ഒരു മാധ്യമ പ്രവർത്തകൻ വിശേഷിപ്പിച്ചത്, വനിതാ ക്രിക്കറ്റിലെ സച്ചിൻ ടെൻഡുൽക്കർ എന്നാണ്. വനിതാ ക്രിക്കറ്റിലെ മിഥാലി രാജ് എന്നു കേൾക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നു മറുപടി പറയാൻ മിഥുവിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. പുരുഷ ക്രിക്കറ്റ് താരങ്ങളെ ഞങ്ങളോടു താരതമ്യം ചെയ്യാൻ നിങ്ങൾ തയാറാകുമോ എന്ന മിഥാലിയുടെ മറുചോദ്യം അന്ന് ഉത്തരമില്ലാതെ ശേഷിച്ചു.

ഹർമൻപ്രീത് കൗറിനെ വനിതാ ക്രിക്കറ്റിലെ എ.ബി. ഡിവില്ലിയേഴ്സ് എന്നു വിളിക്കാൻ ഏതു മാധ്യമ പ്രവർത്തകനും ഇന്ന് രണ്ടാമതൊന്ന് ആലോചിക്കും. വല്ലപ്പോഴും സ്വന്തം വീട്ടിലെത്തുന്ന സച്ചിൻ ടെൻഡുൽക്കർക്ക് കിട്ടിയിരുന്ന ആവേശകരമായ സ്വീകരണമായിരിക്കാം, പഴയ അയൽക്കാരി ജമീമ റോഡ്രിഗ്സിനെ ക്രിക്കറ്റിലേക്ക് ആകർഷിച്ചത്. പക്ഷേ, ഇന്നത്തെ പെൺകുട്ടികൾക്ക് പ്രചോദനം പകരാൻ ഹർമൻപ്രീതിന്‍റെ സ്ലോഗ് സ്വീപ്പുകളും സ്മൃതി മന്ഥനയുടെ കവർ ഡ്രൈവുകളും റിച്ച ഘോഷിന്‍റെ പവർ ഹിറ്റുകളും തന്നെ ധാരാളം.

വ്യാഴവട്ടത്തിന്‍റെ വിപ്ലവം

ഡയാന എഡൽജി.

പൊലീസ് ജിംഖാന ഗ്രൗണ്ടിലെ പരിശീലന മത്സരങ്ങൾ. എതിരാളികളായി ആൺകുട്ടികളുടെ ഏജ് ഗ്രൂപ്പ് ടീമുകൾ. നഗരത്തിലെ ഏതെങ്കിലും ചെലവ് കുറഞ്ഞ ഹോട്ടലിൽ താമസം; ആ സമയം വിദേശ ടീമുകൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസമൊരുങ്ങിയിട്ടുണ്ടാകും. ഇതൊക്കെയായിരുന്നു 12 വർഷം മുൻപത്തെ ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിന്‍റെ കഥ.

12 വർഷം മുൻപെന്നു പറയുമ്പോൾ, ഇന്ത്യ ഇതിനു മുൻപ് വനിതാ ലോകകപ്പിന് ആതിഥ്യം വഹിച്ച സമയം. അന്നൊക്കെ, സച്ചിൻ കളിക്കുന്ന രഞ്ജി ട്രോഫി മത്സരം വല്ലതും വന്നാൽ വനിതാ ലോകകപ്പ് വേദി വരെ മാറ്റാം, ആർക്കും പരാതിയില്ല. അടുത്തുള്ള ഏതെങ്കിലും സ്കൂളിൽനിന്ന് യൂണിഫോമിൽ കൊണ്ടിരുത്തുന്ന കുറച്ച് കുട്ടികൾ മാത്രമാണല്ലോ കാണികൾ. ടിവി ക്യാമറ എപ്പോഴെങ്കിലും ഗ്യാലറിയിലേക്കു തിരിഞ്ഞാൽ തീരെ ഒഴിഞ്ഞു കിടക്കാതിരിക്കാനാണ് അത്രയെങ്കിലും!

അന്നത്തെ ഇന്ത്യൻ വനിതാ ടീമിന് കൊള്ളാവുന്നൊരു ഹോട്ടലിൽ താമസ സൗകര്യം പോലും കിട്ടിയത്, മുൻ ക്യാപ്റ്റൻ ഡയാന എഡൽജി മാധ്യമങ്ങൾക്കു മുന്നിൽ ഈ ദുരിതം വിളിച്ചു പറഞ്ഞപ്പോഴാണ്. ആ ടീമിൽ ഉൾപ്പെട്ട മിഥാലി രാജിന്‍റെ ബയോപിക് 'സബാഷ് മിഥു' ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് ഈ പറഞ്ഞതൊക്കെ ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാം.

ഒരു സന്തോഷത്തിന് ചെറിയ ടീമുകളെ തോൽപ്പിക്കാൻ കിട്ടുന്നതിന്‍റെ ആശ്വാസം മാത്രമായിരുന്നു അന്നത്തെ ടീമിന്‍റെ കൈമുതൽ. വമ്പത്തികളോടു പൊരുതി തോൽക്കുന്നത്, ജയത്തിനു തുല്യമായി കണക്കാക്കിയിരുന്ന കാലം. പക്ഷേ, 12 വർഷത്തിനിപ്പുറം ഇന്ത്യയിൽ വീണ്ടുമൊരു വനിതാ ലോകകപ്പ് ‌നടക്കുമ്പോൾ, ഫേവറിറ്റുകളുടെ കൂട്ടത്തിലാണ് ആതിഥേയർ.

ഹരി ദീദിക്കൊരു ലോകകപ്പ്

ഹർമൻപ്രീത് കൗറും ലോകകപ്പ് ട്രോഫിയും.

2013ലെ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ചെറുതായൊന്നു പേടിപ്പിച്ചതു വഴി, സ്പോർട്സ് പേജുകളുടെ കോണുകളിലെവിടെയൊക്കെയോ ഇടം പിടിച്ച ഒരു ഇരുപത്തിമൂന്നുകാരിയുണ്ടായിരുന്നു. വീരേന്ദർ സെവാഗിനെ മാതൃകയാക്കാൻ ആഗ്രഹിച്ച ഒരു മെലിഞ്ഞ പെൺകുട്ടി. 2025ലെ ലോകകപ്പിൽ അവൾ ഇന്ത്യയുടെ ക്യാപ്റ്റനാണ്. മുപ്പത്തേഴാം വയസിൽ ഹർമൻപ്രീത് കൗറിന് ഇത് അവസാനത്തെ ഏകദിന ലോകകപ്പായിരിക്കും. 2011ൽ സച്ചിനു വേണ്ടി ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ടീമിനെപ്പോലെ, 2022ൽ ലയണൽ മെസിക്കു വേണ്ടി ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീമിനെപ്പോലെ, ഇക്കുറി ഹരി ദീദിക്കു വേണ്ടി വനിതാ ലോകകപ്പ് സ്വന്തമാക്കാൻ കച്ച കെട്ടിക്കഴിഞ്ഞു ടീമിലെ അനുജത്തിമാർ. മിഥാലിക്കു ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് കണ്ട ലെജൻഡുകളിലൊരാളാണ് ഹർമൻപ്രീത് കൗർ, അവർ ഇത് അർഹിക്കുന്നു. മിഥാലിക്കു കിട്ടാതെ പോയത് ഹർമൻപ്രീതിനെങ്കിലും കിട്ടണമെന്ന മോഹം ഒരു അത്യാഗ്രവുമല്ല.

1983ലെ ലോകകപ്പിനു മുൻപ്, കപ്പെടുക്കാനാണ് ഞങ്ങൾ വന്നതെന്നു പറഞ്ഞ കപിൽ ദേവിനെ പരിഹസിച്ചവരുണ്ട്. 2013ൽ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിക്കാൻ പോലും ശേഷിയുള്ള ടീമായിരുന്നില്ല ഇന്ത്യൻ വനിതകളുടേത്. എന്നാൽ, ഇന്നത്തെ ഇന്ത്യൻ ടീം അതു സ്വയം പറയേണ്ട കാര്യമില്ല. ആതിഥേയരില്ലാത്ത സെമി ഫൈനൽ ലൈനപ്പ് ആരും പ്രവചിക്കുന്നു പോലുമില്ല.

സഞ്ജു സാംസൺ പുരുഷ ടീമിൽ ഇടം നേടാതിരിക്കുമ്പോൾ ഉയരുന്നതു പോലുള്ള രൂക്ഷമായ ചോദ്യങ്ങൾ, ഷഫാലി വർമ വനിതാ ടീമിനു പുറത്താകുമ്പോഴും ഉയർന്നു തുടങ്ങിയിരിക്കുന്നു. ഷഫാലിയെപ്പോലൊരു എക്സ് ഫാക്റ്റർ ക്രിക്കറ്റർക്കു പോലും ഇടം പിടിക്കാൻ കഴിയാത്ത തരത്തിൽ പ്രതിഭാസമൃദ്ധമായിരിക്കുന്നു ഇന്നത്തെ ഇന്ത്യൻ വനിതാ ടീം.

കാലം മാറി

യുവരാജ് സിങ്ങിനും മിഥാലി രാജിനുമൊപ്പം ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന,ജമീമ റോഡ്രിഗ്സ്.

പഴയ സീനിയർ വനിതാ ടീം പരിശീലന മത്സരം കളിച്ചത് അണ്ടർ-16 പയ്യൻമാരുമായാണെങ്കിൽ, ഈ ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ട് പര്യടനം നടത്തി, ഓസ്ട്രേലിയയുമായി നാട്ടിൽ പരമ്പര കളിച്ചു. ജിംഖാന ഗ്രൗണ്ടിനു പകരം അത്യാധുനിക പരിശീലന സൗകര്യങ്ങളായി. വിദേശ ടി20 ലീഗുകളിൽ അടക്കം ഇന്ത്യ വനിതകൾ കൊടുങ്കാറ്റ് വിതയ്ക്കുന്നു.

ഒരു ടൂർണമെന്‍റ് മുഴുവൻ കളിച്ചാലും മാച്ച് ഫീസായി ഒരു ലക്ഷം രൂപയും ദിവസ ബത്തയായി 1500 രൂപയും കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ വനിതാ ടീമിന്. ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ കളിക്കാൻ പോകുമ്പോൾ ഒരു കാപ്പി കുടിക്കാൻ പോലും പണം തികഞ്ഞെന്നു വരില്ല. ഇന്ന് ഇന്ത്യയിലെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ നൽകുന്നത് ഒരേ പ്രതിഫലമാണ്. ഈ ലോകകപ്പിലെ സമ്മാനത്തുക ഇന്ത്യൻ പുരുഷ ടീം നേടിയ ടി20 ലോകകപ്പിലെ സമ്മനത്തുകയെക്കാൾ കൂടുതലാണ്. വല്ലപ്പോഴുമൊരു കളി ജയിച്ചാൽ സ്പോർട്സ് പേജിന്‍റെ മൂലയ്ക്കൊതുങ്ങിയിരുന്ന വനിതാ ടീമിന്‍റെ വാർത്തകൾക്ക് ഇന്നു പത്രങ്ങളുടെ ഒന്നാം പേജിലേക്കു പ്രൊമോഷൻ കിട്ടിത്തുടങ്ങി. യൂണിഫോമിട്ട് വെയിലത്തിരിക്കുന്ന സ്കൂൾ കുട്ടികളുടെ സ്ഥാനത്ത്, ടീം എവിടെ കളിച്ചാലും ഗ്യാലറിയിൽ ആവേശം വിതറാൻ സ്ഥിരം ആരാധകസംഘങ്ങൾ വരെയായി.

1983 = 2017

2017ലോകകപ്പ് ഫൈനൽ തോറ്റതിന്‍റെ നിരാശയിൽ ഇന്ത്യൻ വനിതാ താരങ്ങൾ.

വനിതാ ടീം നേരിട്ട ദുരവസ്ഥയിലൂടെയൊക്കെ തന്നെ കടന്നുവന്ന ചരിത്രമാണ് ഇന്ത്യൻ പുരുഷ ടീമിനും പറയാനുള്ളത്. അതിനു മാറ്റം വന്നത് 1983ലെ ലോകകപ്പ് നേട്ടത്തിനു ശേഷമായിരുന്നു. സമാനമായി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ദേശീയതലത്തിൽ കാര്യമായി ശ്രദ്ധയാകർഷിച്ചു തുടങ്ങുന്നത് 2017ലാണ്. അന്ന് ഇന്ത്യൻ വനിതകൾ ലോകകപ്പിന്‍റെ ഫൈനൽ കളിച്ചു, അതിസമ്മർദത്തിന്‍റെ അരികുകളിൽ വച്ച് ലോക കിരീടം ഇഞ്ചുകളുടെ വ്യത്യാസത്തിൽ വഴുതി മാറിയപ്പോൾ അവർക്കൊപ്പം കരഞ്ഞ ആരാധകർ പിന്നെ എന്നും കൂടെത്തന്നെനിന്നു. കപ്പ് കിട്ടിയില്ലെങ്കിലും, ഈ ടീം ലോകോത്തരമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ ആ ടൂർണമെന്‍റിനു സാധിച്ചു.

2023ൽ വനിതാ പ്രീമിയർ ലീഗ് (WPL) തുടങ്ങി. ഇതോടെ ഐപിഎല്ലിനു വനിതാ പതിപ്പായി. ഈ വർഷത്തെ ഡബ്ല്യുപിഎൽ ‌ടിവിയിൽ കണ്ടവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 142 ശതമാനമാണ് വർധിച്ചത്. 3.1 കോടി ആളുകൾ കണ്ട ലീഗ്! 2024ൽ WPL കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വനിതാ ടീമിന് വിരാട് കോലി ഉൾപ്പെട്ട പുരുഷ ടീം ഗാർഡ് ഒഫ് ഓണർ നൽകി. ആ വിജയം തൊട്ടടുത്ത സീസണിൽ പുരുഷ ടീമിന്‍റെ പ്രഥമ ഐപിഎൽ നേട്ടത്തിനു പോലും പ്രചോദനമായി.

നാടെങ്ങും പരക്കുന്ന ലോകകപ്പ്

ശ്രീ ചരണി, ഉമ ഛേത്രി, ക്രാന്തി ഗൗഡ്.

മെട്രൊ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങൾ രാജ്യത്തിന്‍റെ വിദൂര നഗരങ്ങളിലേക്കും പങ്കുവയ്ക്കപ്പെടുന്ന കാഴ്ച കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് സമ്മാനിക്കുന്നത്. നവി മുംബൈ, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വനിതാ ടീം ഏറെ അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെയും നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന്‍റെ ഗ്യാലറികൾ നിറയ്ക്കാൻ WPL മത്സരങ്ങൾക്കു സാധിച്ചിരുന്നു.

എന്നാൽ, ലോകകപ്പ് എത്തുമ്പോൾ ഗോഹട്ടിയും ഇന്ദോറും വിശാഖപട്ടണവും കൂടി വേദികളാവുകയാണ്. ടെസ്റ്റ് വേദിയായ ഇന്ദോറിൽ വനിതാ ടീം കളിക്കാനിറങ്ങുന്നത് ഇതാദ്യം. വിശാഖപട്ടണത്ത് അവസാനമായി കളിക്കുന്നത് 11 വർഷം മുൻപും! നവി മുംബൈയെയും ബംഗളൂരുവിനെയും പോലെ ഈ നഗരങ്ങൾക്കും കാണികളെ ആകർഷിക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കാരണം, ഈ നാടുകളുടെയൊക്കെ പ്രതിനിധികൾ ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്. അസമിൽ നിന്ന് ഇന്ത്യൻ ടീമിലെത്തുന്ന ആദ്യത്തെ വനിതയാണ് ഗോഹട്ടിക്കാരി ഉമ ഛേത്രി. വിശാഖപട്ടണത്തിനടുത്തുള്ള കടപ്പയിൽ നിന്നാണ് ശ്രീചരണി വരുന്നത്, മധ്യപ്രദേശിലെ ഗുവാറയിൽ നിന്ന് ക്രാന്തി ഗൗഡ്.

ഇപ്പോഴത്തെ ടീമിലില്ലെങ്കിലും, കേരളത്തിലെ വയനാട്ടിൽ നിന്നും രണ്ടു പെൺകുട്ടികൾ - മിന്നു മണിയും സജന സജീവനും - ഇന്ത്യൻ ടീമിൽ കളിച്ചു. കേരളത്തിൽനിന്നു തന്നെയുള്ള വി.ജെ. ജോഷിത അണ്ടർ-19 ടീമിൽ മികവ് തെളിയിച്ച് സീനിയർ ടീമിലേക്ക് വിളി കാത്തിരിക്കുന്നു. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്‍റെ ചക്രവാളങ്ങളിൽ വസന്തത്തിന്‍റെ ഇടിമുഴക്കം കേട്ടുതുടങ്ങിയിരിക്കുന്നു. അവിസ്മരണീയമായ ഒരു ലോകകപ്പ് നേട്ടം കൂടി സ്വന്തമായാൽ, പുരുഷ ക്രിക്കറ്റിന്‍റെ താരപ്പൊലിമയുടെ ബൗണ്ടറികൾ വനിതാ ക്രിക്കറ്റിനും പ്രാപ്യമാകും.

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും

സപ്ലൈകോ വിൽപന ശാലകൾ ചൊവ്വയും ബുധനും തുറക്കും

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ശക്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

സംഘാടനത്തിൽ വീഴ്ച; മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗണേഷ് കുമാർ