Sports

ഈഡന്‍ ഗാര്‍ഡന്‍സില്‍ ചെന്നൈ വെടിക്കെട്ട്; കൊല്‍ക്കത്തയ്ക്ക് തോല്‍വി, ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമത്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 49 റണ്‍സിനാണ് കൊല്‍ക്കത്ത ചെന്നൈയോട് തോറ്റത്. ഈഡൻ ​ഗാർഡൻസിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ കൂടിയാണിത്.

ചെന്നൈ ഉയർത്തിയ 236 റൺസ് എന്ന കൂറ്റൻ സ്കോർ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ഏഴു മത്സരങ്ങളിൽനിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുമായി രാജസ്ഥാനെ പിൻതള്ളി ഒന്നാം സ്ഥാനത്തെത്തി. രണ്ടു ജയം മാത്രമുള്ള കൊൽക്കത്ത എട്ടാം സ്ഥാനത്താണ്.

ജേസൺ റോയി(61)യുടെ വെടിക്കെട്ടിനും റിങ്കു സിംഗി(53)ൻ്റെ ചെറുത്തു നിൽപ്പിനും ചെന്നൈയുടെ റൺമല തകർക്കാനായില്ല. കൊൽക്കത്തയ്ക്ക് തുടക്കത്തിൽതന്നെ എന്‍. ജഗദീശന്‍ (1), സുനില്‍ നരെയ്ന്‍ (0) എന്നിവരെ നഷ്ടമായി. ഇതോടെ പവർപ്ലേയിൽ കൊൽക്കത്തയ്ക്ക് വേണ്ട റൺസ് നേടാനായില്ല. ഇമ്പാക്ട് പ്ലേയറായി എത്തിയ വെങ്കടേഷ് അയ്യരും 20 റൺസിൽ നിൽക്കേ മോയിൻ അലിയുടെ പന്തിൽ എട്ടാം ഓവറിൽ പുറത്തായി. ക്യാപ്റ്റന്‍ നിതിഷ് റാണയ്ക്ക് 27 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

പിന്നീട് ജേസണ്‍ റോയ് - റിങ്കു സിങ് സഖ്യം ചെന്നൈയെ ആഞ്ഞടിച്ചു. ഒരു ഘട്ടത്തിൽ മത്സരം കൊൽക്കത്തയുടെ കൈകളിലെന്ന് തോന്നിച്ചെങ്കിലും ചെന്നൈ ബൗളർ മഹീഷ് തീക്ഷണ പാർട്ണർഷിപ്‌ തകർത്തു. 15-ാം ഓവറില്‍ റോയിയെ ബൗൾഡിൽ വീഴ്ത്തുകയായിരുന്നു. റോയ് 26 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്തു. ഒരുവശത്ത് റിങ്കു പൊരുതി നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ആന്ദ്രെ റസ്സൽ (6 പന്തിൽ 9), ഡേവിഡ് വീസ് (2 പന്തിൽ 1), ഉമേഷ് യാദവ് (4 പന്തിൽ 4), വരുൺ ചക്രവർത്തി (0*) എന്നിങ്ങനെ കൊൽക്കത്ത താരങ്ങൾ നിരാശപ്പെടുത്തി.

ചെന്നൈയ്ക്കായി തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്‌ഷണ എന്നിവർ രണ്ടു വിക്കറ്റ് വീതവും ആകാശ് സിങ്, മൊയീൻ അലി, രവീന്ദ്ര ജഡ‍േജ, മതീശ പതിരണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ കെകെആർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ഇന്നിങ്സിൽ 18 സിക്സുകൾ പിറന്നു. അജിൻക്യ രഹാനെ(71), ഡെവോൺ കോൺവെ(56), ശിവം ദുബെ(50) എന്നിവർ അർധ സെഞ്ച്വറി നേടി. രഹാനെയാണ് ടോപ് സ്കോറർ. വെറും 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം 71 റൺസ് അടിച്ചെടുത്ത രഹാനെ പുറത്താകാതെ നിന്നു.

മുംബൈയിലെ പരസ്യ ബോർഡ്‌ അപകടം: തെരച്ചിലും രക്ഷാ പ്രവർത്തനവും തുടരുന്നു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

കുട്ടിസംരംഭങ്ങൾക്ക് 'മൈൻഡ് ബ്ലോവേർസ്' പദ്ധതിയുമായി കുടുംബശ്രീ

കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരൻ അറസ്റ്റിൽ