ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഓപ്പണർ എയ്ഡൻ മാർക്രമിന്‍റെ ബാറ്റിങ്.
റുപലഖ്നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനായില്ല. ശുഭ്മൻ ഗിൽ - സായ് സുദർശൻ സഖ്യം 12.1 ഓവറിൽ 120 റൺസ് കൂട്ടിച്ചേർത്തിട്ടും അവർക്ക് 20 ഓവറിൽ നേടാനായത് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ എയ്ഡൻ മാർക്രമിന്‍റെയും നിക്കൊളാസ് പുരാന്‍റെയും അർധ സെഞ്ചുറികൾ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് അനായാസ വിജയം സമ്മാനിക്കുകയും ചെയ്തു.
38 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്ത ഗില്ലിന്‍റെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ, 37 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത സുദർശനും മടങ്ങി. ജോസ് ബട്ലർ (14 പന്തിൽ 16), വാഷിങ്ടൺ സുന്ദർ (2), ഷെർഫെയ്ൻ റുഥർഫോർഡ് (19 പന്തിൽ 22), രാഹുൽ തെവാത്തിയ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായി.
സായ് സുദർശൻ
ആറ് പന്തിൽ 11 റൺസുമായി ഷാരുഖ് ഖാനും രണ്ട് പന്തിൽ നാല് റൺസുമായി റഷീദ് ഖാനും പുറത്താകാതെ നിന്നു. ലഖ്നൗവിനു വേണ്ടി ശാർദൂൽ ഠാക്കൂറും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദിഗ്വേഷ് രഥിക്കും ആവേശ് ഖാനും ഓരോ വിക്കറ്റ്.
മിച്ചൽ മാർഷിന്‍റെ അഭാവത്തിൽ ക്യാപ്റ്റൻ ഋഷഭ് പന്താണ് ലഖ്നൗവിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. ഒരു വശത്ത് എയ്ഡൻ മാർക്രം അടിച്ചുതകർത്തപ്പോൾ, ഋഷഭ് പന്ത് മറുവശത്ത് ടൈമിങ് കണ്ടെത്താൻ കഷ്ടപ്പെട്ടു. എങ്കിലും 18 പന്തിൽ നാല് ഫോർ ഉൾപ്പെടെ 21 റൺസുമായി സീസണിലെ തന്‍റെ ഉയർന്ന സ്കോർ നേടിയാണ് ലഖ്നൗ ക്യാപ്റ്റൻ മടങ്ങിയത്.
പിന്നാലെ, മാർക്രമിനൊപ്പം നിക്കൊളാസ് പുരാൻ ചേർന്നതോടെ സ്കോർ കുതിച്ചുയർന്നു. 31 പന്തിൽ 58 റൺസെടുത്ത മാർക്രം പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 34 പന്തിൽ ഒരു ഫോറും ഏഴ് സിക്സറുമായി തകർത്തടിച്ച പുരാൻ 61 റൺസും നേടി. തുടർന്ന് ഡേവിഡ് മില്ലറുടെ (7) വിക്കറ്റ് കൂടി വീണെങ്കിലും, ആയുഷ് ബദോനിയും (20 പന്തിൽ 28 നോട്ടൗട്ട്) അബ്ദുൾ സമദും (2 നോട്ടൗട്ട്) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.