നിക്കൊളാസ് പുരാൻ
കോൽക്കത്ത: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നാല് റൺസിന്‍റെ ആവേശകരമായ വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്ത്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് പടുത്തുയർത്തി. കോൽക്കത്തയുടെ മറുപടി 234/7 വരെയാണ് എത്തിയത്.
ലഖ്നൗവിനു വേണ്ടി മിച്ചൽ മാർഷും (81) നിക്കൊളാസ് പുരാനും (87) നേടിയ അർധസെഞ്ചുറിയാണ് ടീമിന് കരുത്തേകിയത്. 6 ബൗണ്ടറിയും 5 സിക്സറും അടങ്ങുന്നതായിരുന്നു മിച്ചൽ മാർഷിന്‍റെ ഇന്നിങ്സ്. ഇവർക്കു പുറമെ ഓപ്പണിങ് ബാറ്റർ എയ്ഡൻ മാർക്രം (38) ഭേദപ്പെട്ട പ്രകടനവും കാഴ്ചവച്ചു. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ രണ്ടും ആന്ദ്രേ റസൽ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കമാണ് മാർക്രവും മിച്ചൽ മാർഷും നൽകിയത്. പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ലഖ്നൗ 59 റൺസ് നേടിയിരുന്നു. പിന്നീട് ടീം സ്കോർ 99ൽ നിൽക്കെ മാർക്രമിനെ മടക്കിക്കൊണ്ട് ഹർഷിത് റാണ കൂട്ടുകെട്ട് തകർത്തെങ്കിലും പ്രയോജനമുണ്ടായില്ല.
മൂന്നാമനായെത്തിയ നിക്കൊളാസ് പുരാൻ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് ടീം സ്കോർ ഉയർത്തി. 7 ബൗണ്ടറിയും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു പുരാന്‍റെ ഇന്നിങ്സ്. 21 പന്തിലാണ് താരം അർധസെഞ്ചുറി തികച്ചത്. ഒരു വശത്ത് മാർഷും മറുവശത്ത് പുരാനും ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
പിന്നീട് 15-ാം ഓവറിൽ മിച്ചൽ മാർഷിനെ ആന്ദ്രേ റസൽ പുറത്താക്കിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ അബ്ദുൾ സമദിനൊപ്പം ചേർന്ന് പുരാൻ 51 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതിൽ വെറും ആറ് റൺസായിരുന്നു സമദിന്‍റെ സംഭാവന.
മറുപടി ബാറ്റിങ്ങിൽ ക്വിന്‍റൺ ഡികോക്ക് (15) അധികനേരം പിടിച്ചുനിന്നില്ല. പക്ഷേ, സുനിൽ നരെയ്നും (13 പന്തിൽ 30) ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (35 പന്തിൽ 61) ശരവേഗത്തിൽ റൺ റേറ്റ് ഉയർത്തി.
നരെയ്നു ശേഷം വന്ന വെങ്കടേശ് അയ്യരും (29 പന്തിൽ 45) തകർത്തടിച്ചപ്പോൾ കോൽക്കത്തയ്ക്ക് ജയപ്രതീക്ഷ. എന്നാൽ, രഹാനെയ്ക്കു പിന്നാലെ രമൺദീപ് സിങ്ങിനെയും (1) അംഗ്കൃഷ് രഘുവംശിയെയും (5)വെങ്കടേശിനെയും ആന്ദ്രെ റസലിനെയും (7) പുറത്താക്കിയ ലഖ്നൗ ബൗളർമാർ കളി തിരിച്ചുപിടിച്ചു.
അവസാന ഓവറുകളിൽ റിങ്കു സിങ് പരമാവധി പരിശ്രമിച്ചെങ്കിലും വിജയലക്ഷ്യത്തിന് നാല് റൺസ് അകലെയെത്താനേ സാധിച്ചുള്ളൂ. 15 പന്ത് നേരിട്ട റിങ്കു 38 റൺസെടുത്ത് പുറത്താകാതെ നിന്നു.