Sports

റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്, എന്നാലും ഇങ്ങനെയുണ്ടോ ?

സാധാരണ പറയാറുള്ള വാചകമാണ്. റെക്കോഡുകള്‍ സ്ഥാപിക്കപ്പെടുന്ന് തകര്‍ക്കാനാണ്. എന്നാല്‍, നാണക്കേടിന്‍റെ റെക്കോഡുകളാണ് ബംഗളൂരുവിനെ തേടിയെത്തിയത്. ഇത് പലതും തകര്‍ക്കപ്പെടുമോ എന്നു തന്നെ നിശ്ചയം പോരാ. പ്രധാന ബൗളര്‍മാരായ നാല് പേരും നാലോവറില്‍ 50ലേറെ റണ്‍സാണ് വഴങ്ങിയത്. ഇത്തരത്തിലുള്ള സംഭവം ആദ്യം. റീസ് ടോപ്ലി (68), യഷ് ദയാല്‍ (51), ലോക്കി ഫെര്‍ഗൂസന്‍ (52), വിജയ്കുമാര്‍ വൈശാഖ് (64) എന്നവരാണ് അമ്പതിലേറെ റണ്‍സ് വഴങ്ങിയത്.

മത്സരം ആവേശകരമായപ്പോള്‍ ആവേശം പകരുന്ന റെക്കോഡുകളും പിറന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ ഇരുടീമും 250ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു. സണ്‍റൈസേഴ്‌സ് കുറിച്ച മൂന്നിന് 287 എന്ന സ്‌കോര്‍ ട്വന്‍റി 20 ക്രിക്കറ്റിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ച മൂന്നിന് 314 റണ്‍സാണ് ഉയര്‍ന്നത്. സണ്‍ റൈസേഴ്സ് നേടിയ മൂന്ന് വിക്കറ്റിന് 287 റണ്‍സ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലുമാണ്.

മുംബൈ ഇന്ത്യന്‍സിനെ നേരിട്ടപ്പോള്‍ ബംഗളൂരു അടിച്ചെടുത്ത മൂന്നിന് 277 റണ്‍സായിരുന്നു ഇതുവരെ മുന്നില്‍.സണ്‍റൈസേഴ്‌സിന് മറുപടി പറഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ഏഴിന് 262 എന്ന സ്‌കോര്‍ നേടി. ട്വന്‍റി 20 ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. മത്സരത്തില്‍ ഇരുടീമുകളും അടിച്ചുകൂട്ടിയത് 549 റണ്‍സാണ്. ഈ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ കുറിക്കപ്പെട്ട 523 റണ്‍സ് തിരുത്തിക്കുറിക്കപ്പെട്ടു. മത്സരത്തിലാകെ 43 ഫോറും 38 സിക്‌സും ഉള്‍പ്പടെ 81 തവണ പന്ത് ബൗണ്ടറി കടന്നു. ട്വന്‍റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ബൗണ്ടറികളുടെ എണ്ണമാണിത്.ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടീം ഇനി സണ്‍റൈസേഴ്‌സ് ആണ്. 22 തവണയാണ് സണ്‍റൈസേഴ്‌സ് താരങ്ങള്‍ പന്ത് നിലം തൊടാതെ അതിര്‍ത്തി കടത്തിയത്.

2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് നേടിയ 21 സിക്‌സുകള്‍ എന്ന റെക്കോഡ് പഴങ്കഥയായി. 250ലേറെ റണ്‍സ് ആദ്യം ബാറ്റ് ചെയ്ത ടീമും പിന്തുടര്‍ന്ന ടീമും കണ്ടെത്തുന്നതും ടി-20 ചരിത്രത്തില്‍ ഇതാദ്യം. ടി20 ചരിത്രത്തില്‍ ഒരു ടീം ചെയ്സ് ചെയ്ത് തോല്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡ് ഇനി ആര്‍സിബിക്ക്. ഇന്നലെ ഏഴിന് 262 റണ്‍സാണ് ആര്‍സിബി നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അഞ്ചിന് 258 റണ്‍സാണ് വഴി മാറിയത്.* ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ 250നു മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ ടീമായി ഹൈദരാബാദ് മാറി. പിന്നാലെ ആര്‍സിബിയും ഈ റെക്കോഡ് പട്ടികയില്‍ സ്ഥാനം നേടി.മത്സരത്തില്‍ 50നു മുകളില്‍ റണ്‍സ് കൂട്ടുകെട്ടുകള്‍ ഏഴെണ്ണം പിറന്നു. ഒരു ടി20 മത്സരത്തില്‍ ഇത്രയും പാര്‍ട്ണര്‍ഷിപ്പുകള്‍ പിറക്കുന്നതും ചരിത്രത്തില്‍ ആദ്യം.-

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു