ഐഎസ്എൽ ഫൈനൽ: മോഹൻ ബഗാനും ബംഗളൂരു എഫ്സിയും നേർക്കുനേർ

 
Sports

ഐഎസ്എൽ ഫൈനൽ: മോഹൻ ബഗാനും ബംഗളൂരു എഫ്സിയും നേർക്കുനേർ

കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റെ വേദി. രാത്രി 7.30ന് കിക്കോഫ്.

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) 11-ാം സീസണിന്‍റെ ഫൈനലിൽ കരുത്തരായ മോഹൻ ബഗാനും ബംഗളൂരു എഫ്സിയും ശനിയാഴ്ച ഏറ്റുമുട്ടും. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റെ വേദി. രാത്രി 7.30ന് കിക്കോഫ്.

ഐഎസ്എൽ ഗ്രൂപ്പ് ഘട്ടത്തിലെ‌ വിജയികളായ മോഹൻ ബഗാൻ ഉഗ്രൻ ഫോമിലാണ്. സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ ജംഷഡ്പുർ എഫ്സിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അവർ രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ‌ഫൈനലിൽ ബംഗളൂരുവിനെ നേരിടുമ്പോൾ ബഗാന് മുൻതൂക്കമുണ്ട്. ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കുമേൽ ആധിപത്യം പുലർത്തിയ ടീമുകളിലൊന്നാണ് ബഗാൻ. സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നതും ബഗാന് ആത്മവിശ്വാസമേകുന്നു.

തോൽക്കാൻ മനസില്ലാതെ പൊരുതുമെന്നതാണ് ബംഗളൂരുവിന്‍റെ സവിശേഷത. സെമിയിൽ പൊരുതിക്കളിച്ച എഫ്സി ഗോവയെ മറികടന്നാണ് ബംഗളൂരു ഫൈനൽ ഉറപ്പിച്ചത്. രണ്ടാം പാദത്തിൽ ബംഗളൂരു തോറ്റെങ്കിലും സൂപ്പർ താരം സുനിൽ ഛേത്രിയുടെ ഡൈവിങ് ഹെഡ്ഡർ ഗോൾ അവർക്ക് അഗ്രഗേറ്റ് സ്കോറിൽ മുൻതൂക്കവും ഫൈനൽ പ്രവേശവും സാധ്യമാക്കി.

ബഗാനുമായി കളിക്കുമ്പോൾ പ്രതിരോധത്തിലെ വിള്ളലുകളാണ് ബംഗളൂരുവിനെ ഭയപ്പെടുത്തുന്നത്. പ്രതിരോധപ്പഴുതുകൾ അടച്ച് ബഗാന്‍റെ മുന്നേറ്റത്തെ തടഞ്ഞാൽ ബംഗളൂരുവിന് കിരീടത്തിലെത്താം.

ഇതുവരെ 13 തവണയാണ് ബംഗളൂരുവും ബഗാനും നേർക്കുനേർ നിന്നത്. അതിൽ പത്തിലും ജയം ബഗാനായിരുന്നു. രണ്ടു മത്സരങ്ങളിൽ ബംഗളൂരു ജയിച്ചു. ഒരെണ്ണം സമനില. ഈ സീസണിൽ ശ്രീകണ്ഠീരവയിൽ ബംഗളൂരു 3-0ത്തിന് ജയിച്ചപ്പോൾ സാൾട്ട് ലേക്കിൽ എതിരില്ലാത്തത ഒരു ഗോ‌ളിന് ജയം ബഗാനൊപ്പം നിന്നു. 2022-23 ഐഎസ്എൽ ഫൈനലിലും ബംഗളൂരുവിനെ ബഗാൻ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍