മഞ്ജുരുൾ ഇസ്‌ലാം, ജഹനാര ആലം
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ സെലക്റ്റർ മഞ്ജുരുൾ ഇസ്‌ലാമിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ താരം ജഹനാര ആലം. തന്നെ ലൈംഗികമായി ആക്രമിച്ചെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. നിലവിൽ മാനസികാരോഗ‍്യത്തെത്തുടർന്ന് ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന ജഹനാര ഒരു യൂട‍്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
2022 ലോകകപ്പിനു മുന്നോടിയായുള്ള പ്രീ ക‍്യാംപിൽ ബൗൾ ചെയ്യുന്നതിനിടെ മഞ്ജുരുൾ അടുത്തേക്ക് വന്ന് തോളിൽ കൈയിട്ടു. തുടർന്ന് ചെവിയുടെ അരികിലേക്ക് വന്ന് ആർത്തവം എത്ര ദിവസമായെന്ന് ചോദിച്ചു.
ഐസിസിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഫിസിയോകൾ താരങ്ങളുടെ ആർത്തവ ചക്രം ട്രാക്ക് ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. മാനേജർക്കോ സെലക്റ്റർക്കോ ഇത്തരത്തിലുള്ള കാര‍്യങ്ങൾ അറിയേണ്ടതിന്‍റെ ആവശ‍്യം എന്താണെന്ന് തനിക്കറിയില്ലെന്നും ജഹനാര പറഞ്ഞു. അഞ്ച് ദിവസമെന്ന് മറുപടി പറഞ്ഞപ്പോൾ അഞ്ച് ദിവസമോ? അത് ഇന്നലെ കഴിയേണ്ടതായിരുന്നതല്ലെയെന്നായിരുന്നു മറുപടി. ആർത്തവം കഴിയുമ്പോൾ തന്നോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പല തവണ മോശം അനുഭവമുണ്ടായെന്നാണ് താരം പറയുന്നത്. 2021ൽ തൗഹിദ് ഭായി ബാബു എന്നയാൾ മുഖേനെ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ അത് ബുദ്ധിപൂർവം ഒഴിവാക്കിയെന്നും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെന്നും താരം വ‍്യക്തമാക്കി.