ജാവലിൻ ത്രോ: അർഷാദിന് പരുക്ക്, ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യത മങ്ങി
ലണ്ടൻ: പോളണ്ട് ഡയമണ്ട് ലീഗിൽ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയും പാക്കിസ്ഥാന്‍റെ ഒളിംപിക് ചാംപ്യൻ അർഷാദ് നദീമും തമ്മിലെ ജാവലിൻ ത്രോ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി. കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അർഷാദ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ റിഹാബിലിറ്റേഷനിലാണ് അർഷാദ് ഇപ്പോൾ. സെപ്റ്റംബറിൽ ടോക്കിയോ ആതിഥ്യം ഒരുക്കുന്ന ലോക ചാംപ്യൻഷിപ്പിൽ വിജയിയാവുകയാണ് അർഷാദിന്‍റെ ലക്ഷ്യം. അതിനു മുൻപ് ഒരു മീറ്റിൽ മാത്രമേ അർഷാദ് പങ്കെടുക്കുകയുള്ളൂവെന്നാണ് പാക്കിസ്ഥാൻ അത്‌ലറ്റിക്സ് കോച്ച് അറിയിച്ചത്.
പാരീസ് ഒളിംപിക്സിൽ 92.97 മീറ്റർ ദൂരം കണ്ടെത്തി നീരജിനെ (89.45) പിന്തള്ളി അർഷാദ് സ്വർണം നേടിയിരുന്നു. എന്നാൽ അതിനുശേഷം ഇരുവരും ഏറ്റുമുട്ടിയിട്ടില്ല.
ഈ വർഷം കരിയറിൽ ആദ്യമായി നീരജും 90 മീറ്റർ ദൂരം കുറിച്ചിരുന്നു. നീരജ് ചോപ്ര ക്ലാസിക്ക് അടക്കമുള്ള ചാംപ്യൻഷിപ്പുകളിൽ താരം സ്വർണവും നേടി. എന്നാൽ പ്രകടനസ്ഥിരത പുലർത്താൻ സാധിക്കാത്തത് നീരജിനെ പിന്നോട്ടടിക്കുന്ന ഘടകമാണ്.