കരൺ ശർമ
ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ സ്പിന്നർ കരൺ ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഉത്തർ പ്രദേശ് ടി20 ലീഗിൽ കാൺപുർ സൂപ്പർസ്റ്റാർസും മീററ്റ് മാവെറിക്ക്സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം.
ഇന്ത‍്യയ്ക്കു വേണ്ടി മൂന്നു ഫോർമാറ്റിലും താരം കളിച്ചിട്ടുണ്ട്. തന്‍റെ കുടുംബത്തിനും ബിസിസിഐക്കും റെയിൽവേസിനും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും വിദർഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി പറഞ്ഞുകൊണ്ടാണ് താരം കളി മതിയാക്കിയത്.
കോച്ചിങ്ങുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങൾ താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കിയിട്ടുണ്ട്. 2007-08 കാലഘട്ടത്തിലാണ് കരൺ ഫസ്റ്റ് ക്ലാസിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി. തുടർന്ന് 2012-13 സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 19.04 ബൗളിങ് ശരാശരിയിൽ നിന്നും 21 വിക്കറ്റുകൾ വീഴ്ത്തി ബിസിസിഐയുടെ മികച്ച അണ്ടർ 25 താരത്തിനുള്ള അവാർഡ് സ്വന്തമാക്കി.
2014 ഐപിഎൽ ലേലത്തിൽ 3.75 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് കരൺ ശർമയെ ടീമിലെത്തിച്ചു. അന്ന് അൺക‍്യാപ്പ്ഡ് ഇന്ത‍്യൻ താരത്തിന് ലേലത്തിൽ ലഭിച്ച ഏറ്റവും വലിയ തുകയായിരുന്നു അത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ താരത്തിന് ഇന്ത‍്യൻ ടീമിലേക്ക് വിളിയെത്തി. രോഹിത് ശർമ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി അടിച്ച മത്സരത്തിലാണ് കരൺ ഇന്ത‍്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആ പരമ്പരയിൽ വീണ്ടും കളിക്കാൻ താരത്തിന് അവസരം ലഭിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടു. പിന്നീട് ടെസ്റ്റിൽ അരങ്ങേറ്റം നടത്തി.
2015ൽ സിംബാബ്‌വെ പര‍്യടനത്തിലാണ് കരൺ അവസാനമായി ഇന്ത‍്യൻ ടീമിന്‍റെ ഭാഗമായത്. പക്ഷേ ടീമിലെ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത‍്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾ കിരീടം ഉയർത്തിയപ്പോൾ കരൺ ശർമ മൂന്നു ടീമുകളുടെയും ഭാഗമായിരുന്നു.
90 ഐപിഎൽ മത്സരങ്ങളിൽ നിന്നും 83 വിക്കറ്റ് നേടിയിട്ടുള്ള താരം 2025ൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടിയാണ് അവസാനമായി ഐപിഎൽ മത്സരം കളിച്ചത്. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച കരൺ 270 വിക്കറ്റുകളും 138 ഇന്നിങ്സുകളിൽ നിന്നും 2866 റൺസും സ്വന്തമാക്കിയിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നീ മികച്ച താരങ്ങൾക്കൊപ്പം ഐപിഎൽ കളിക്കാനും താരത്തിന് സാധിച്ചു.