മുഹമ്മദ് അസറുദ്ദീൻ
തിരുവനന്തപുരം: 2025-26 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി ടീമിനെ പ്രഖ‍്യാപിച്ചു. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന 15 അംഗ ടീമിൽ യുവതാരം ഷോൺ റോജർ ഉൾപ്പടെയുള്ളവർ ഇടം പിടിച്ചിട്ടുണ്ട്. ബാബ അപരാജിതാണ് ടീമിന്‍റെ വൈസ് ക‍്യാപ്റ്റൻ. സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ വർഷം രഞ്ജി ട്രോഫിയിൽ ഫൈനലിലെത്തിയിരുന്നുവെങ്കിലും വിദർഭയ്ക്കെതിരേ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 68 വർഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയത്.
കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ ഇത്തവണ ഒക്റ്റോബർ 15ന് കേരളം മഹാരാഷ്ട്രയെ നേരിടും. കാര‍്യവട്ടം ഗ്രീൻഫീൽഡ്സ് സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ ആദ‍്യ മത്സരം നടക്കുന്നത്. ഇത്തവണ എലൈറ്റ് ഗ്രൂപ്പ് ബിയിലായ കേരളം ഗോവ, പഞ്ചാബ്, മധ‍്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടീമുകളുമായി ഏറ്റുമുട്ടും.
ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക‍്യാപ്റ്റൻ),സഞ്ജു വി. സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ്,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, ബേസിൽ എൻ പി,ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി. നായർ.