രഞ്ജി ട്രോഫിയിൽ ചണ്ഡീഗഢിനെതിരേ കേരളം വീണു; ഇന്നിങ്സ് തോൽവി
തിരുവനന്തപുരം: ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്നിങ്സ് തോൽവി. രണ്ടാമിന്നിങ്സിൽ ബാറ്റേന്തിയ കേരളം 185 റൺസിന് കൂടാരം കയറി. ഇതോടെ ഇന്നിങ്സിനും 92 റൺസിനും ചണ്ഡീഗഡ് വിജയം കണ്ടു. ഇതോടെ ടൂർണമെന്‍റിൽ ക്വാർട്ടർ ഫൈനൽ കാണാതെ കേരളം പുറത്തായി.
ഒന്നാമിന്നിങ്സിൽ കേരളം 139 റൺസിന് പുറത്തായപ്പോൾ ചണ്ഡീഗഢ് 416 റൺസ് അടിച്ചെടുത്തിരുന്നു. ക‍്യാപ്റ്റൻ മനൻ വോറയുടെയും (113) ഓപ്പണിങ് ബാറ്റർ അർജുൻ ആസാദിന്‍റെയും (102) സെഞ്ചുറികളുടെ ബലത്തിലാണ് ചണ്ഡീഗഢ് കേരളത്തിനെതിരേ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
മോശം തുടക്കമായിരുന്നു രണ്ടാമിന്നിങ്സിലും കേരളത്തിന് ഓപ്പണർമാർ നൽകിയത്. 21 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ രണ്ടു വിക്കറ്റുകളും നഷ്ടമായി. അഭിഷേക് ജെ. നായർ (4), രോഹൻ കുന്നുമ്മൽ (11) എന്നിവരുടെ വിക്കറ്റുകളാണ് ആദ‍്യം നഷ്ടമായത്. പിന്നീട് സച്ചിൻ ബേബിയും (6) ബാബാ അപരാജിതും (17) മടങ്ങിയതോടെ ടീം സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിലെത്തി.
അവിടെ നിന്ന് അഞ്ചാം വിക്കറ്റിൽ സൽമാൻ- വിഷ്ണു സഖ‍്യം 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ മുന്നോട്ടു കൊണ്ടുപോയെങ്കിലും ടീം സ്കോർ 100 കടന്നതിനു പിന്നാലെ വിഷ്ണു വിനോദിനെ പുറത്താക്കി രോഹിത് ദണ്ഡ കൂട്ടുകെട്ട് പൊളിച്ചു. മുഹമ്മദ് അസറുദ്ദീനും (0) അങ്കിത് ശർമയും (0) നിരാശപ്പെടുത്തി. എന്നാൽ മറുവശത്ത് സൽമാൻ നിസാർ നിലയുറപ്പിച്ചെങ്കിലും 53 റൺസെടുത്ത് പുറത്തായി.
ഇതോടെ പരാജയ ഭീതിയിലായി കേരളം. തുടർന്ന് നിധീഷ് എം.ഡി. 12 റൺസ് നേടി പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സ് 185 റൺസിൽ കലാശിച്ചു. ചണ്ഡീഗഢിനു വേണ്ടി രോഹിത് ദണ്ഡ നാലും വിഷു കശ‍്യപ് മൂന്നും കാർത്തിക് സാൻദിൽ, ജഗ്ജീത് സിങ്, അർജുൻ ആസാദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാമിന്നിങ്സിൽ സച്ചിൻ ബേബി (41), ബാബാ അപരാജിത് (49) ആകർഷ് എകെ (14), സൽമാൻ നിസാർ എന്നീ താരങ്ങൾക്കു മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. മറ്റു താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കളിച്ച 6 മത്സരങ്ങളിൽ 4 എണ്ണം സമനിലയും രണ്ടു മത്സരം തോൽവിയും നേരിട്ട കേരളം നിലവിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ എട്ടാം സ്ഥാനത്താണ്.