രോഹൻ കുന്നുമ്മൽ 57 നോട്ടൗട്ട് 
Sports

രഞ്ജി ട്രോഫിയിൽ സഞ്ജു ഇറങ്ങി: കേരളത്തിന് മികച്ച തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കേരളം വിക്കറ്റ് നഷ്ടം കൂടാതെ 88 റൺസെന്ന നിലയിൽ ആദ്യ ദിവസം കളി അവസാനിപ്പിച്ചു

VK SANJU

ആളൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‍റെ രണ്ടാം മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഇടം പിടിച്ചു. മഴ കാരണം ഭൂരിഭാഗം സമയവും നഷ്ടപ്പെട്ട ആദ്യ ദിവസം 23 ഓവർ മാത്രമാണ് കളി നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കേരളം വിക്കറ്റ് നഷ്ടം കൂടാതെ 88 റൺസെന്ന നിലയിൽ ആദ്യ ദിവസം കളി അവസാനിപ്പിച്ചു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (57) വത്സൽ ഗോവിന്ദും (31) ക്രീസിൽ.

ആക്രമണോത്സുക ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മല്‍ 74 പന്തിലാണ് ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കം 57 റണ്‍സെടുത്തത്. നാല് ബൗണ്ടറികൾ ഉൾപ്പെട്ടതാണ് വത്സല്‍ ഗോവിന്ദിന്‍റെ ഇന്നിങ്‌സ്.

ടീം ലിസ്റ്റിൽ അഞ്ചാം നമ്പറിലാണ് സഞ്ജുവിന് വിക്കറ്റ് കീപ്പറായി സ്ലോട്ട് നൽകിയിരിക്കുന്നത്. സഞ്ജു തിരിച്ചെത്തിയെങ്കിലും സച്ചിൻ ബേബി തന്നെ ടീമിനെ നയിക്കുന്നു. മൂന്നാം നമ്പറിൽ തമിഴ്നാട്ടിൽനിന്നുള്ള അതിഥി താരം ബാബാ അപരാജിതും നാലാമത് സച്ചിൻ ബേബിയും കഴിഞ്ഞാകും സഞ്ജു ബാറ്റിങ്ങിന് ഇറങ്ങുക.

സഞ്ജുവിനെ ഉൾപ്പെടുത്തിയത് അടക്കം മൂന്നു മാറ്റങ്ങളാണ് കേരള ടീമിൽ. സ്പിൻ ബൗളിങ്ങിനെ സഹായിക്കുന്ന കേരളത്തിലെ പിച്ചിൽനിന്ന് കർണാടകയിലേക്കു വന്നപ്പോൾ അക്ഷയ് ചന്ദ്രനു പകരം പേസ് ബൗളർമാരായ എം.ഡി. നിധീഷും കെ.എം. ആസിഫും ടീമിലെത്തി. കഴിഞ്ഞ മത്സരത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി ഉൾപ്പെട്ടിരുന്ന വിഷ്ണു വിനോദും സൽമാൻ നിസാറും ഈ മത്സരത്തിൽ കളിക്കുന്നില്ല.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റ് വിജയം പിടിച്ചെടുത്തത്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ