ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളം റെയിൽവേസിനോട് 18 റൺസിനു തോറ്റു. ഏഴ് മത്സരങ്ങളിൽ കേരളത്തിന്‍റെ രണ്ടാം പരാജയമാണിത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ 128 റൺസെടുത്തെങ്കിലും കേരളത്തിന് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ലിസ്റ്റ് എ ക്രിക്കറ്റിൽ സഞ്ജുവിന്‍റെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്. അതേസമയം, ഈ മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി കേരളം പ്രീ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു. ഗ്രൂപ്പിൽ ഒന്നാമതെത്തിയ മുംബൈക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്കും പ്രൊമോഷൻ ലഭിച്ചു.
നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. റെയിൽവേസിന്‍റെ സ്കോർ 19 എത്തിയപ്പോഴേക്കും ഓപ്പണർമാർ ഇരുവരെയും പുറത്താക്കാനും കേരള ബൗളർക്കു സാധിച്ചു. എന്നാൽ, പ്രഥം സിങ്ങും (61) യുവരാജ് സിങ്ങും (121 നോട്ടൗട്ട്) ഒരുമിച്ച 148 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റെയിൽവേസിനെ കരകയറ്റി. വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ് 31 റൺസും നേടി.
കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ബേസിൽ തമ്പിയും അഖിൻ സത്താറും അഖിൽ സ്കറിയയും ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 59 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (0), കൃഷ്ണ പ്രസാദ് (29) മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി (9), സൽമാൻ നിസാർ (2) എന്നിവരാണ് പുറത്തായത്. അവിടെ ഒരുമിച്ച സഞ്ജു സാംസണും ശ്രേയസ് ഗോപാലും ചേർന്ന് സ്കോർ 197 റൺസ് വരെയെത്തിച്ചത് വിജയ പ്രതീക്ഷയുണർത്തി.
53 റൺസെടുത്ത ശ്രേയസ് 45ാം ഓവറിൽ പുറത്തായതോടെ കളി വീണ്ടും റെയിൽവേസിന്‍റെ കൈയിലായി. ഓൾറൗണ്ടർമാരായ അബ്ദുൾ ബാസിതും (0) അഖിൽ സ്കറിയയും (0) തൊട്ടടുത്ത ഓവറിൽ പുറത്താകുമ്പോൾ, മികച്ച ഫോമിലുള്ള സഞ്ജു സ്ട്രൈക്ക് കിട്ടാതെ മറുവശത്തുണ്ടായിരുന്നു. 49.5 ഓവറിൽ സഞ്ജു പുറത്താകുമ്പോൾ 139 പന്തിൽ എട്ട് ഫോറും ആറു സിക്സും സഹിതം 128 റൺസെടുത്തിരുന്നു.