ബാബാ അപരാജിത്

 
Sports

രഞ്ജി ട്രോഫി: സൗരാഷ്ട്രയ്‌ക്കെതിരേ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത് കേരളം

40 റൺസുമായി ബാബാ അപരാജിതും 29 റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ

Aswin AM

തിരുവനന്തപുരം: സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ നിർണായക ഒന്നാം ഇന്നിങ്സ് ലീഡെടുത്ത് കേരളം. ഉച്ചഭക്ഷണിത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺ‌സെന്ന നിലയിലാണ് കേരളം. ഇതോടെ 29 റൺസ് ലീഡായി. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് രോഹൻ കുന്നുമ്മൽ (80), അഹമ്മദ് ഇമ്രാൻ (10), ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

40 റൺസുമായി ബാബാ അപരാജിതും 29 റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ. സൗരാഷ്ട്രയ്ക്കു വേണ്ടി ക‍്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ട്, ഹിതെൻ കാംബി എന്നിവർ രണ്ടും പ്രേരക് മങ്കാദ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 21 റൺസ് കൂടി സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. അഹമ്മദ് ഇമ്രാനായിരുന്നു പുറത്തായത്. ജയ്ദേവ് ഉനദ്ഘട്ടിനായിരുന്നു വിക്കറ്റ്. പിന്നാലെ ടീം സ്കോർ 128ൽ നിൽക്കെ രോഹനും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന് അസറുദ്ദീനും മടങ്ങിയതോടെ ടീം സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസിലെത്തി. തുടർന്ന് ബാബാ അപരാജിതും അങ്കിത് ശർമയും നേടിയ കൂട്ടുകെട്ടാണ് ടീമിനെ 189 റൺസിലെത്തിച്ചത്.

ഓപ്പണിങ് ബാറ്റർ എ.കെ. ആകർഷ്, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകൾ കഴിഞ്ഞ ദിവസം തന്നെ ടീമിനു നഷ്ടമായിരുന്നു.

രോഹനൊപ്പം 61 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ആകർഷ് മടങ്ങിയത്. നിലവിൽ 2 പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളം. ആദ‍്യ രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചപ്പോൾ മൂന്നാം മത്സരം കേരളത്തിന് ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. സൗരാഷ്ട്രയ്ക്കെതിരേ ജയം കേരളത്തിന് അനിവാര‍്യമാണ്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ കേരളത്തിനു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി. നിധീഷാണ് സൗരാഷ്ട്രയെ തകർത്തത്. നിധീഷിനു പുറമെ ബാബാ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. 123 പന്തുകൾ നേരിട്ട് 11 ബൗണ്ടറിയും 2 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.

7 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ മൂന്നു വിക്കറ്റുകളും നഷ്ടമായിരുന്നു. ഹാർവിക് ദേശായി (0), ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരാണ് പുറത്തായത്. എന്നാൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ടീമിനെ ജേ ഗോഹിൽ കൂട്ടത്തകർച്ചയിൽ നിന്നും രക്ഷിച്ചു. ഗോഹിലിനൊപ്പം മറുവശത്ത് പ്രേരക് മങ്കാദും നിലയുറപ്പിച്ചതോടെ ടീം സ്കോർ 50 കടന്നു. പിന്നീട് 76ൽ നിൽക്കെ നീധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ 69 റൺസാണ് ഇരുവരും അടിച്ചെടുത്തത്.

പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിക്ക് കേരളത്തിന്‍റെ ബൗളിങ് നിരയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. ഒരു റൺസെടുത്ത് താരം പുറത്തായി. നിധീഷിനു തന്നെയായിരുന്നു വിക്കറ്റ്. തുടർന്ന് ടീം സ്കോർ 123 റൺസിൽ നിൽക്കെ ജേ ഗോഹിൽ പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി. പിന്നീട് വന്ന മധ‍്യനിര ബാറ്റർമാർക്ക് കാര‍്യമായ സംഭാവനകൾ ടീമിനു നൽകാൻ കഴിയാതെ വന്നതോടെ ടീം 160 റൺസിൽ കൂടാരം കയറി. ജേ ഗോഹിലിനു പുറമെ പ്രേരക് മങ്കാദ്, സമ്മർ ഗജ്ജർ (23), ക‍്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ട് (16) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

രാജ്യത്തുടനീളം ഭീകരാക്രമണത്തിന് പദ്ധതി; ഗുജറാത്തിൽ മൂന്ന് ഭീകരർ പിടിയിൽ

ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനു പിന്നാലെ നാട് വിട്ടു; പഞ്ചാബ് എംഎൽഎക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മുത്തശ്ശൻ അറസ്റ്റിൽ‌

ശബരിമല സ്വർണക്കൊള്ള; ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ. വാസു

പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ആരോപണം