ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ചായേക്കും
File
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ കോച്ചിനെ ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ കോച്ചിനെ നിശ്ചയിക്കുക.
മനോലൊ മാർക്വസ് രാജിവച്ചതിനെ തുടർന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് പുതിയ കോച്ചിനെ തേടുന്നത്. ആകെ ലഭിച്ച 170 അപേക്ഷകളിൽ നിന്ന് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ, സ്റ്റീഫൻ തർക്കോവിക്, ഖാലിദ് ജമീൽ എന്നിവരുടെ ചുരുക്കപ്പട്ടികയാണ് തയറാക്കിയിട്ടുള്ളത്.
ചുരുക്കപ്പട്ടികയിലുള്ളവരെ സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെടുന്ന പ്രതിഫലവുമടക്കമുള്ള കാര്യങ്ങൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാരനായ ഖാലിദ് ജമീലിനാണ് സാധ്യതയെന്നറിയുന്നു. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ലെന്നതും വിദേശ കോച്ചിനെ ഒഴിവാക്കാൻ എഐഎഫ്എഫിനെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും കോൺസ്റ്റന്‍റൈന്‍റെ സാധ്യതകളെയും തള്ളിക്കളയാനാവില്ല.
നാൽപ്പത്തിയെട്ടുകാരനായ ഖാലിദ് ജമീൽ ഐഎസ്എൽ ക്ലബ്ബ് ജംഷദ്പുർ എഫ്സിയുടെ കോച്ചാണ്. എഎഫ്സി പ്രോ ലൈസൻസുള്ള ജമീൽ 2023-24, 2024-25 സീസണുകളിൽ എഐഎഫ്എഫ് കോച്ച് ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
അതേസമയം, മനോലൊ മാർക്വസിനെപ്പോലെ രണ്ടു ടീമുകളെ പരിശീലിപ്പിക്കാൻ ജമീലിന് അവസരം നൽകുമോയെന്നത് വ്യക്തമല്ല. ഇന്ത്യൻ ടീമിനൊപ്പം ഐഎസ്എൽ ക്ലബ്ബ് എഫ്സി ഗോവയെയും മനോലൊ പരിശീലിപ്പിച്ചിരുന്നു. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഒക്റ്റോബർ 9നും 14നും ഇന്ത്യയ്ക്ക് സിംഗപ്പുരിനെതിരേ മത്സരമുണ്ട്. പുതിയ കോച്ചിനു മുന്നിലെ ആദ്യ വെല്ലുവിളിയായിരിക്കും ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട്.