കൃഷ്ണപ്രസാദിന്‍റെ ബാറ്റിങ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കെപി എന്നറിയപ്പെട്ടിരുന്നത് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ആയിരുന്നെങ്കിൽ, കേരള ക്രിക്കറ്റിൽ കെപി എന്നാൽ കൃഷ്ണപ്രസാദാണ്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് ഇനി കെപിയുടെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്‍റെ നായകൻ അടിച്ചെടുത്തത്.
സെമിഫൈനൽ കാണാതെ റോയൽസ് പുറത്തായിരുന്നെങ്കിലും കെപിയുടെ റൺവേട്ടയെ മറികടക്കാൻ മറ്റാർക്കുമായില്ല. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26 വയസുകാരൻ ഓപ്പണർ കെസിഎല്ലിന്‍റെ രണ്ടാം സീസൺ ബാറ്റ് കൊണ്ട് ഭരിക്കുകയായിരുന്നു.
പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിന്‍റെ സ്കോർ ഉയർത്തിയും അവസാന ഓവറുകളിൽ ബൗളർമാരെ പഞ്ഞിക്കിട്ടും കെപി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തീപടർത്തി.
പ്രഥമ കെസിഎൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ സ്വന്തമാക്കിയത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു സമ്പാദ്യം. കെസിഎല്ലിനു പിന്നാലെ തോളെല്ലിനു പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി നഷ്ടപ്പെട്ടു.
ഇത്തവണ എന്തുവിലകൊടുത്തും കേരള ടീമിൽ തിരിച്ചെത്തണമെന്ന ലക്ഷ്യവുമായാണ് ഈ വൈക്കംകാരൻ പരുക്ക് ഭേദമായ ഉടനെ പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്. ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്താണ് കെസിഎൽ കളിച്ചത്. ഗ്രീൻഫീൽഡിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായിരുന്നു പരിശീലനം. രാവും പകലും കഷ്ടപ്പെട്ടതിന് ഒടുവിൽ ഫലമുണ്ടായെന്ന് കൃഷ്ണപ്രസാദ് പറയുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള താരം 2022ലാണ് അവസാനമായി സംസ്ഥാന ടീമിൽ കളിച്ചത്. പക്ഷേ, ട്വന്‍റി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഫോം കണ്ടെത്താനായില്ല.
എന്നാൽ, ഇത്തവണ പരുക്കിൽ നിന്ന് മുക്തനായി പൂർവാധികം ശക്തനായാണ് കെപിയുടെ വരവ്. തൃശൂർ ടൈറ്റൻസിനെതിരെ 10 സിക്സിന്‍റെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയും (62 പന്തിൽ 119) ആലപ്പി റിപ്പിൾസിനെതിരെ നേടിയ അർധ സെഞ്ച്വറിയുമൊക്ക (52 പന്തിൽ 90) ഇതിനു തെളിവ്.