ബാഴ്സലോണയ്ക്കു വേണ്ടി വിജയ ഗോൾ നേടിയ റൊണാൾഡ് അരൂജോയുടെ ആഹ്ലാദ പ്രകടനം.
ബാഴ്‌സലോണ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ജിറോണയ്‌ക്കെതിരേ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് ഒന്നിനെതിരേ രണ്ടു ഗോളിന്‍റെ ജയം. 94ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡ് അരൂജോ നേടിയ ഗോളാണ് ടീമിന് നിർണായകമായ മൂന്ന് പോയിന്‍റ് സമ്മാനിച്ചത്. ഇതോടെ, അടുത്തയാഴ്ച നടക്കുന്ന എൽ ക്ലാസിക്കോയ്ക്കു മുൻപ് തുടർച്ചയായ രണ്ട് തോൽവികൾക്ക് വിരാമമിട്ട് ബാഴ്‌സലോണ ലീഗ് ടേബിളിൽ ഒന്നാമതെത്തി.
13ാം മിനിറ്റിൽ പെഡ്രി ഗോൺസാലസാണ് ബാഴ്‌സലോണയ്ക്ക് ലീഡ് നൽകിയത്. 20ാം മിനിറ്റിൽ ആക്‌സെൽ വിറ്റ്‌സൽ നേടിയ അക്രോബാറ്റിക് ബൈസിക്കിൾ കിക്കിലൂടെ ജിറോണ സമനില പിടിച്ചു.
ജിറോണയ്ക്ക് ലീഡ് നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളി വോയ്‌ചെക്ക് സ്റ്റെസ്‌നിയുടെ മികച്ച പ്രകടനങ്ങൾ തടസമായി. ഒടുവിൽ, സ്റ്റോപ്പേജ് ടൈമിൽ ഫ്രെങ്കി ഡി യോങ് നൽകിയ പാസ് വലയിലേക്ക് തിരിച്ചുവിട്ട് അരൂജോ ബാഴ്‌സലോണയുടെ വിജയം ഉറപ്പിച്ചു.
ലാ ലിഗയുടെ മയാമി മത്സരത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ടീമുകളിലെയും കളിക്കാർ കിക്കോഫ് എടുക്കാതെ 15 സെക്കൻഡ് നിശബ്ദത പാലിച്ചു.
മറ്റ് മത്സരങ്ങളിൽ, റയൽ ബെറ്റിസ് വിയ്യാറയലുമായി 2-2 സമനിലയിൽ പിരിഞ്ഞു. ആന്‍റണി ഇരട്ട ഗോളുകൾ നേടി. അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ 1-0 എന്ന സ്കോറിനു തോൽപ്പിച്ചു.
പരിശീലകനു ചുവപ്പ് കാർഡ്, ക്ലാസിക്കോ നഷ്ടമാകും
മത്സരത്തിന്‍റെ അവസാന നിമിഷം അധിക സമയം നൽകിയതിൽ പ്രതിഷേധിച്ച ബാഴ്‌സലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിന് റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. റഫറിയുടെ തീരുമാനത്തിനെതിരെ ഫ്ലിക്ക് പരിഹാസത്തോടെ കൈയടിക്കുകയും അതൃപ്തി സൂചിപ്പിക്കുന്ന ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി റഫറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ പുറത്താക്കൽ കാരണം ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ ഫ്ലിക്കിന് സൈഡ് ലൈനിൽ നിൽക്കാൻ കഴിയില്ല.