മനോജ് തിവാരുംയ സ്നേഹാശിഷ് ഗാംഗുലിയും വാർത്താസമ്മേളനത്തിൽ. 
Sports

മനോജ് തിവാരി വിരമിക്കൽ തീരുമാനം പിൻവലിച്ചു

ഭാര്യയുടെയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെയും ഉപദേശം സ്വീകരിച്ചാണ് മനംമാറ്റമെന്ന് മുൻ ഇന്ത്യൻ താരം

MV Desk

കോൽക്കത്ത: മുൻ ഇന്ത്യൻ താരം മനോജ് തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചു. ബംഗാളിനു വേണ്ടി ഒരു വർഷം കൂടി കളിക്കുമെന്ന് പുതിയ പ്രഖ്യാപനം. നിലവിൽ പശ്ചിമ ബംഗാളിലെ സ്പോർട്സ്-യുവജനക്ഷേമ വകുപ്പ് സഹമന്ത്രി കൂടിയാണ് അദ്ദേഹം.

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തി അഞ്ച് ദിവസത്തിനുള്ളിലാണ് തിവാരിയുടെ മനംമാറ്റം. അടുത്ത വർഷത്തെ പ്രഖ്യാപനത്തിൽ തിരുത്തുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്!

സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുമായ സ്നേഹാശിഷ് ഗാംഗുലിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിവാരി പുതിയ തീരുമാനം അറിയിച്ചത്. സ്നേഹാശിഷാണ് തന്നെ വിരമിക്കലിൽനിന്നു പിന്തിരിപ്പിച്ചതെന്നും, തന്‍റെ ഭാര്യയും തീരുമാനം മാറ്റാൻ ഉപദേശിച്ചെന്നും തിവാരി പറഞ്ഞു.

കളിക്കളത്തിലുള്ളപ്പോൾ വിരമിക്കുന്നതെന്നാണ് ഉചിതമെന്ന് സ്നേഹാശിഷ് പറഞ്ഞു. കഴിഞ്ഞ വർഷം ബംഗാൾ രഞ്ജി ട്രോഫി ഫൈനൽ വരെയെത്തിയത് തന്‍റെ ക്യാപ്റ്റൻസിയിലാണെന്ന് ഭാര്യയും ഓർമിപ്പിച്ചു- തിവാരി വിശദീകരിച്ചു.

വിരമിക്കാനുള്ള മുൻ തീരുമാനം പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഒരു വൈകാരിക മുഹൂർത്തത്തിൽ സ്വീകരിച്ചതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത സീസണിലും ബംഗാളിനു വേണ്ടി റെഡ് ബോൾ ക്രിക്കറ്റിൽ മാത്രമായിരിക്കും കളിക്കുക. പരിമിത ഓവർ മത്സരങ്ങൾക്ക് താൻ ഉണ്ടാവില്ലെന്നും തിവാരി പറഞ്ഞു. 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച തിവാരിക്ക് 10,000 റൺസ് തികയ്ക്കാൻ 92 റൺസിന്‍റെ കുറവാണുള്ളത്.

കേരളത്തിനു 4 പുതിയ ട്രെയ്നുകൾ

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി

മഹായുതി മുംബൈ ഭരിക്കും; അവസാനിച്ചത് 28 വർഷത്തെ താക്കറെ ഭരണം

ജെ.സി. ഡാനിയേൽ പുരസ്കാരം ശാരദയ്ക്ക്