മാർനസ് ലബുഷെയ്ൻ
പെർത്ത്: ഒക്റ്റോബർ 19ന് പെർത്തിൽ ഇന്ത‍്യക്കെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രിലിയൻ ടീമിൽ നിന്ന് ഓൾറൗണ്ടർ കാമറോൺ ഗ്രീനിനെ ഒഴിവാക്കി. പരുക്കാണ് താരത്തിന് വിനയായത്. പകരകാരനായി മാർനസ് ലബുഷെയ്നെ ടീമിൽ ഉൾപ്പെടുത്തി.
സമീപകാലത്ത് കാഴ്ചവച്ച മോശം ഫോം മൂലം മാർനസിനെ ഇന്ത‍്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കാമറോൺ ഗ്രീനിന്‍റെ പരുക്കും ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ മാർനസ് നേടിയ സെഞ്ചുറിയുമാണ് ടീമിലേക്കുള്ള വഴി തുറന്നത്.
നേരത്തെ പരമ്പരയിലെ ആദ‍്യ രണ്ടു മത്സരത്തിൽ ജോഷ് ഇംഗ്ലിസും ആദ‍്യ മത്സരത്തിൽ ആദം സാംപയും കളിക്കില്ലെന്ന് വ‍്യക്തമാക്കിയിരുന്നു. പരുക്ക് ഭേദമാകാത്തത് മൂലമാണ് ജോഷ് ഇംഗ്ലിസ് കളിക്കാത്തതെങ്കിൽ വ‍്യക്തിപരമായ കാരണങ്ങളാലാണ് സാംപ കളിക്കാത്തത്. ജോഷ് ഇംഗ്ലിസിനു പകരം ജോഷ് ഫിലിപ്പിനെയും ആദം സാംപയ്ക്കു പകരം മാത‍്യു കുനെമാനിനെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, പരുക്കേറ്റതിനാൽ പാറ്റ് കമ്മിൻസിനെയും ഗ്ലെൻ മാക്സ്‌വെല്ലിനെയും ഇന്ത‍്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഷെഫീൽഡ് ഷീൽഡ് മത്സരം കളിക്കുന്നതിനാൽ അലക്സ് കാരി ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം കളിക്കിച്ചേക്കില്ലെന്ന് സെലക്റ്റർമാർ വ‍്യക്തമാക്കിയിരുന്നു.