Lionel Messi after receiving his eighth Ballon d'Or award. 
Sports

ബാലൺ ഡി'ഓർ എട്ടാമതും ലയണൽ മെസിക്ക്

ലോകകപ്പിലേത് ഉൾപ്പെടെയുള്ള പ്രകടനങ്ങളുടെ വെളിച്ചത്തിലാണ് പുരസ്കാരം. ഏറ്റവും കൂടുതൽ തവണയും ഏറ്റവും കൂടിയ പ്രായത്തിലും ഇതു സ്വന്തമാക്കുന്നതിന്‍റെ റെക്കോഡും അർജന്‍റൈൻ സൂപ്പർ താരത്തിന്.

പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും ഉന്നതമായ വ്യക്തിഗത പുരസ്കാരം, ബാലൺ ഡി'ഓർ എട്ടാം തവണയും അർജന്‍റീനയുടെ ലയണൽ മെസി സ്വന്തമാക്കി. 2022-2023 സീസണിൽ അന്താരാഷ്ട്ര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും നടത്തിയ പ്രകടനങ്ങളാണ് തെരഞ്ഞെടുപ്പിന് അടിസ്ഥാനമായത്.

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടാണ് ഇത്തവണ പുരസ്കാരത്തിൽ മെസിയുമായി പ്രധാനമായും മത്സരിച്ചത്. എന്നാൽ, കഴിഞ്ഞ ഡിസംബറിലെ ലോകകപ്പ് നേട്ടം ഉൾപ്പെടെ അന്താരാഷ്ട്ര ഫുട്ബോളിലെ കൂടുതൽ മികച്ച പ്രകടനം മെസിയെ പുരസ്കാരത്തിന് അർഹനാക്കുകയായിരുന്നു. ഈ പുരസ്കാരത്തിന് അർഹനാകുന്ന ഏറ്റവും പ്രായം കൂടിയ ഫുട്ബോളറായും മുപ്പത്താറാം വയസിൽ മെസി മാറി.

പുരസ്കാരത്തിനു പരിഗണിച്ച 2022-23 സീസണിൽ ഒരു ലോകകപ്പ് നേട്ടവും രണ്ട് വ്യത്യസ്ത രാജ്യങ്ങളിലെ കിരീട നേട്ടങ്ങളും മെസിക്കു സ്വന്തമായിരുന്നു. പിഎസ്‌ജിയുടെ ഫ്രഞ്ച് ലീഗ് ചാംപ്യൻഷിപ്പ് നേട്ടത്തിൽ പങ്കാളിയായ മെസി, ഇന്‍റർ മയാമിയെ അമേരിക്കയിലെ ലീഗ്‌സ് കപ്പ് കിരീടത്തിലേക്കും നയിച്ചു. സീസണിൽ ആകെ നേടിയ ഗോളുകൾ 41, അസിസ്റ്റുകൾ 26. ലോകകപ്പിൽ ഏഴു ഗോളടിക്കുകയും അർജന്‍റീനയെ കിരീട നേട്ടത്തിലേക്കു നയിക്കുകയും ചെയ്ത മെസി, ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും നേടിയിരുന്നു.

വനിതാ വിഭാഗത്തിൽ സ്പെയിന്‍റെ ഐഥാന ബോൺമാറ്റിയാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ലോകകപ്പിന്‍റെ കണ്ടെത്തലായ ജൂഡ് ബെല്ലിങ്ങാം മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. എർലിങ് ഹാലണ്ടിനാണ് മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ക്ലബ് ബാഴ്സലോണയും. അർജന്‍റീനയുടെ മറ്റൊരു ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾ കീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരത്തിനും അർഹനായി.

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആദ്യ വോട്ട് രേഖപ്പെടുത്തി

പീഡന പരാതി; റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

പവന് ഒറ്റയടിക്ക് 1,000 രൂപയുടെ വർധന; സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു