മയാമിയിലെ ഒരു മതിലിൽ വരച്ചിരിക്കുന്ന ലയണൽ മെസി ഗ്രാഫിറ്റി. 
Sports

മെസി മാനിയയിൽ മുങ്ങിക്കുളിച്ച് മയാമി

മെസി ജൂലൈ 21ന് ആദ്യമായി ഇന്‍റർ മയാമിയുടെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്

MV Desk

മയാമി: അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്‍റർ മയാമിക്കു വേണ്ടി പന്തുതട്ടാനെത്തുന്ന ഇതിഹാസ താരം ലയണൽ മെസിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങു. ഹാംബർഗർ - ഡ്രിങ് കോംബോയ്ക്ക് ലയണൽ മെസിയെന്നു പേര്, റസ്റ്ററന്‍റിന്‍റെ ചുവരുകളിൽ മെസിയുടെ കൂറ്റൻ രേഖാചിത്രങ്ങൾ, 2022ലെ ഫുട്ബോൾ ലോകകപ്പിൽ നിന്നുള്ള മീമുകൾ... മയാമിയാകെ മെസി മാനിയയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണിപ്പോൾ.

മെസി കളിക്കാൻ പോകുന്ന ഇന്‍റർ മയാമിയുടെ ജെഴ്സിക്കു സമാനമായ പിങ്ക് ലേബലുമായി ബിയറുകൾ വരെ ഇറങ്ങി. നഗരത്തിൽ എവിടെ നോക്കിയാലും മെസിയെ ഓർമിപ്പിക്കുന്ന എന്തെങ്കിലും കാണുമെന്നതാണ് സ്ഥിതി. യുഎസിൽ ലാറ്റിൻ സ്വാധീനം ഏറ്റവും പ്രകടമായ നഗരമെന്ന നിലയിൽ മയാമിയിൽ മെസിക്ക് അത്ര അപരിചിതത്വം അനുഭവപ്പെടില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. അർജന്‍റീനയുടെയും സ്പെയ്ന്‍റെയും ലാറ്റിൻ പശ്ചാത്തലത്തിൽ വലിയൊരകലം മെസിക്ക് അനുഭവപ്പെടാതിരിക്കാൻ ക്ലബ് അധികൃതരും ശ്രദ്ധിക്കുന്നു.

ഇന്‍റർ മയാമിയുടെ തീമിൽ ഇറക്കിയ ലേഗർ കാൻ.

അതേസമയം, പ്രിയ താരത്തെ അടുത്തു കാണാൻ അവസരം കിട്ടുന്നതിന്‍റെ അമിതാവേശത്തിനൊപ്പം അവരുടെ മനസുകളുടെ കോണിൽ ഒരിറ്റ് സങ്കടവും ഉറവപൊട്ടിത്തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ ലീഗുകളിൽ വിരാജിക്കുന്ന വിസ്മയ താരങ്ങൾ അമേരിക്കയിൽ കളിക്കാനെത്തുന്നത് പൊതുവേ പ്രൊഫഷണൽ കരിയറിന്‍റെ അന്ത്യത്തോടടുക്കുമ്പോഴാണല്ലോ. മുപ്പത്താറുകാരനായ മെസിയും ഇക്കാര്യത്തിൽ വ്യത്യസ്തനാകാൻ വഴിയില്ലെന്ന് അവർക്കറിയാം.

കഴിഞ്ഞ ജൂൺ ഏഴിനാണ് മെസി ഇന്‍റർ മയാമിയിലേക്കുള്ള ചുവടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഫ്ളോറിഡയിലും യുഎസിൽ ആകമാനവും ഫുട്ബോളിനു പുതുജീവൻ നൽകാൻ മെസിയുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷത്തോളം അർജന്‍റീനക്കാർ മയാമിയിൽ മാത്രം അധിവസിക്കുന്നുണ്ട്. 2026ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇവിടവും വേദിയാണ്.

പാരിസ് സെന്‍റ് ജർമനുമായുള്ള രണ്ടു വർഷത്തെ ബന്ധം അവസാനിപ്പിച്ചെത്തുന്ന മെസി ജൂലൈ 21ന് ആദ്യമായി അവരുടെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. അന്നു കളിച്ചാൽ മെക്സിക്കൻ ടീം ക്രൂസ് അസുൽ ആയിരിക്കും എതിരാളികൾ.

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'': ജി. സുധാകരൻ

കോടതിക്ക് മുകളിലല്ല സതീശനെന്ന മുഖ്യമന്ത്രി; നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഗേഷ്

ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ഐപിഎല്ലിൽ നിന്ന് ഇംപാക്റ്റ് പ്ലെയർ നിയമം ഒഴിവാക്കണം, ബൗളർമാർക്ക് 5 ഓവർ; നിർദേശവുമായി സച്ചിൻ

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്