മുഹമ്മദ് ഷമി

 
Sports

മുഹമ്മദ് ഷമി പറഞ്ഞത് നുണ? ടെസ്റ്റ് കളിക്കാൻ വിസമ്മതിച്ചു? ലക്ഷ്യം ഐപിഎൽ മാത്രം?

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ മുഹമ്മദ് ഷമിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

Sports Desk

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ മുഹമ്മദ് ഷമിയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ തന്നെ തുടരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഈ സീസണിൽ 93 ഓവറുകൾ എറിഞ്ഞു കഴിഞ്ഞെങ്കിലും ഷമിയു‌ടെ ശാരീരികക്ഷമത ദേശീയ സെലക്റ്റർമാർക്കു ബോധ്യമായിട്ടില്ല! 35 വയസായ ഷമി ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമോ എന്നു സംശയമാണ്. ഏകദിന ഫോർമാറ്റിലും അദ്ദേഹത്തിന്‍റെ സാധ്യതകൾ മങ്ങിക്കഴിഞ്ഞു.

2023 ലോകകപ്പ് ഫൈനലിനു ശേഷം കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്തി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഷമി, അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത് കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ജേതാക്കളായ ചാംപ്യൻസ് ട്രോഫിയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഷമിയുടെ 197 അന്താരാഷ്ട്ര മത്സരങ്ങളോടൊപ്പം കൂടുതൽ കളികൾ കൂട്ടിച്ചേർക്കാൻ സാധ്യത തീരെ കുറവ്.

പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപും സെലക്റ്റർമാരുടെ റഡാറിൽ തെളിഞ്ഞു നിൽക്കുമ്പോൾ, ടെസ്റ്റ് - ടി20 ടീമുകളിൽ നിന്ന് ഷമി പുറത്തായി. ഇനി സാധ്യതയുള്ള ഏക ഫോർമാറ്റ് ഏകദിനമാണ്. എന്നാൽ, 2027ൽ അടുത്ത ലോകകപ്പ് വരുമ്പോൾ 37 വയസ് തികയുന്ന താരത്തിന് അങ്ങനെയൊരു പ്രതീക്ഷ അമിതമായിരിക്കും. കരിയർ അപകടത്തിലാക്കിയ പരിക്കുകളുടെ ചരിത്രമുള്ള ഷമിയെ ടീമിൽ ഉൾപ്പെടുത്തുന്നത് വിവേകമാവില്ല എന്ന നിലപാടിലാണ് സെലക്റ്റർമാർ എന്നു വേണം കരുതാൻ.

ആശയവിനിമയത്തിലെ അവ്യക്തത

മുഹമ്മദ് ഷമി

ദേശീയ സെലക്റ്റർമാർ താനുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് ഷമി മുൻപ് പരസ്യമായി പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

''ഷമിയുടെ ഫിറ്റ്നസ് വിവരങ്ങൾ അറിയാൻ ദേശീയ സെലക്റ്റർമാരും ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ സപ്പോർട്ട് സ്റ്റാഫും പലതവണ വിളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുമ്രക്ക് മൂന്നിൽ കൂടുതൽ ടെസ്റ്റ് കളിക്കാൻ കഴിയാത്തതിനാൽ ഷമിയുടെ സേവനം ലഭിക്കാൻ സെലക്ഷൻ കമ്മിറ്റി ആഗ്രഹിച്ചിരുന്നു'', മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഷമിയെപ്പോലെ ഒരു ബൗളറെ ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. കൂട്ടിച്ചേർത്തു. അഞ്ച് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് കാന്‍റർബറിയിലോ നോർത്താംപ്റ്റണിലോ നടക്കുന്ന ഇന്ത്യ എ ടീമിന്‍റെ മത്സരത്തിൽ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാൻ സെലക്ഷൻ പാനലിലെ ഒരാൾ ഷമിയോട് അഭ്യർഥിച്ചിരുന്നുവെന്നാണ് അറിയുന്നത്. എന്നാൽ, തനിക്ക് ഇനിയും വർക്ക്‌ലോഡ് കൂട്ടേണ്ടതുണ്ടെന്നും ഈ അസൈൻമെന്‍റിനായി തന്നെ പരിഗണിക്കേണ്ടതില്ലെന്നുമാണ് താരം പ്രതികരിച്ചത്. ''അതുകൊണ്ട് ഷമിയുമായി ആശയവിനിമയം ഉണ്ടായില്ല എന്ന വാദം പൂർണമായും തെറ്റാണ്'', ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

മീഡിയം പേസറായി മാറിയ ഫാസ്റ്റ് ബൗളർ

മുഹമ്മദ് ഷമി

ഉന്നത നിലവാരത്തിൽ ക്രിക്കറ്റ് കളിക്കാനുള്ള ഷമിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒരു ദിവസം എത്ര ഓവർ എറിയാൻ അദ്ദേഹത്തിനു സാധിക്കും? ഓരോ സ്പെല്ലിനും ശേഷം ബ്രേക്കുകളില്ലാതെ അദ്ദേഹത്തിന് ഫീൽഡിൽ തുടരാൻ കഴിയുമോ?

പലപ്പോഴും ബംഗാളിനുവേണ്ടി കളിക്കുമ്പോൾ ഷമി നീണ്ട സ്പെല്ലുകൾ എറിയുന്നില്ല. നാലോവർ വീതമുള്ള സ്പെല്ലുകൾ എറിയുകയും പല തവണ വിശ്രമം എടുക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ശരാശരി വേഗം ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്ററിൽ കൂടുന്നില്ല. സ്ഥിരമായി 140-145 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിരുന്ന ബൗളറാണ് ഷമി. പത്ത് വർഷം മുൻപ് മുട്ടിനു ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തിന്‍റെ ശരീരത്തിന് ഇപ്പോൾ ടെസ്റ്റ് മത്സരങ്ങളുടെ കടുപ്പം താങ്ങാൻ കഴിഞ്ഞെന്നു വരില്ലെന്ന ഭയം സെലക്റ്റർമാർക്കുണ്ട്.

ലക്ഷ്യം ഐപിഎൽ കരാർ

മുഹമ്മദ് ഷമി

രഞ്ജി ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ച ഷമി നിലവിൽ റെയിൽവേസിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നവംബർ 16ന് കല്യാണിയിൽ അസമത്തിനെതിരേ നടക്കുന്ന ഹോം മത്സരത്തിലും തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ മികച്ച കരാർ ഉറപ്പിക്കാനാണ് ഷമിയുടെ ശ്രമം.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം: വൻ സുരക്ഷാ ആശങ്ക

വിശ്വാസികളുടെ വേദന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും: കെ.സി. വേണുഗോപാല്‍

തിരുപ്പതി ലഡ്ഡുവിനായി 5 വർഷത്തിനിടെ നൽകിയത് 250 കോടിയുടെ വ്യാജ നെയ്

ദേഹം മുഴുവൻ നീലിച്ച പാടുകൾ, സ്വകാര്യഭാഗങ്ങളിൽ മുറിവ്; മോഡൽ മരിച്ച നിലയിൽ