മുഹമ്മദ് ഷമി
ന‍്യൂഡൽഹി: ഇന്ത‍്യൻ ടീമിന്‍റെ ഏക്കാലെത്തെയും മികച്ച പേസർമാരിലൊരാളായ മുഹമ്മദ് ഷമിയെ ഏകദിന ടീമിലേക്ക് തിരിച്ച് വിളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സമീപകാലത്ത് ആഭ‍്യന്തര ക്രിക്കറ്റിൽ നടന്ന മത്സരങ്ങളിൽ മിന്നും പ്രകടനം പുറത്തെടുത്ത ഷമിയെ 2027ലെ ഏകദിന ലോകകപ്പിലേക്കുള്ള ടീമിൽ ഉൾപ്പെടുത്തുന്ന കാര‍്യം സെലക്റ്റർമാരുടെ പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
2025 മാർച്ച് 9ന് ന‍്യൂസിലൻഡിനെതിരേ നടന്ന ചാംപ‍്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഷമിയുടെ ആഭ‍്യന്തര ക്രിക്കറ്റിലെ പ്രകടനം സെലക്റ്റർമാർ നിരീക്ഷിച്ചു വരുകയാണ്.
വിജയ് ഹസാരെ ട്രോഫിയിൽ മൂന്നു മത്സരങ്ങളിൽ നിന്നും 6 വിക്കറ്റും സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്താനും ഷമിക്ക് സാധിച്ചിരുന്നു. രഞ്ജി ട്രോഫിയിലും മികവാർന്ന പ്രകടനമാണ് ഷമി പുറത്തെടുത്തത്. നാലു മത്സരങ്ങൾ കളിച്ച ഷമി ബംഗാളിനു വേണ്ടി 20 വിക്കറ്റുകളാണ് പിഴുതത്.