Neeraj Chopra in action. 
Sports

ഡയമണ്ട് ലീഗിൽ നീരജിന് വെള്ളി മാത്രം

ഒന്നാമതെത്തിയ ചെക്ക് താരം കണ്ടെത്തിയ ദൂരം, നീരജിന്‍റെ ലോക ചാംപ്യൻഷിപ്പ് മെഡൽ ദൂരത്തെക്കാൾ കുറവ്

സൂറിച്ച്: ജാവലിൻ ത്രോയിലെ പുതിയ ലോക ചാംപ്യൻ നീരജ് ചോപ്രയ്ക്ക് സ്വിറ്റ്സർലൻഡിൽ നടന്ന ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ മാത്രം. മൂന്നു ത്രോ ഫൗളായ ചോപ്രയ്ക്ക് അവസാന ശ്രമത്തിലാണ് 85.71 മീറ്റർ എന്ന വെള്ളി ദൂരത്തിലെത്തിലെത്താനായത്. ഇവിടെ സ്വർണം നേടിയത് ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലേച്ച്. ദൂരം 85.86 മീറ്റർ. ബുഡാപെസ്റ്റിൽ സ്വർണം നേടുമ്പോൾ 88.17 മീറ്റർ ദൂരം കണ്ടെത്തിയിരുന്നു നീരജ്.

ശാരീരികമായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും ബുഡാപെസ്റ്റിലെ മത്സരത്തിനു ശേഷം അൽപ്പം ക്ഷീണിതനായിരുന്നു എന്നു മത്സരശേഷം നീരജ് പറഞ്ഞു. ലോക ചാംപ്യൻഷിപ്പിൽ നൂറു ശതമാനം പരിശ്രമിച്ചു. ഇവിടെ ആരോഗ്യ നഷ്ടപ്പെടുത്താതിരിക്കുക എന്നതിലായിരുന്നു ശ്രദ്ധ. സെപ്റ്റംബർ 17നു യൂജീനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലും സെപ്റ്റംബർ 23ന് ഹാങ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലുമാണ് ഇനി ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിൽ ആദ്യമായാണ് പങ്കെടുത്ത ഒരു മത്സരത്തിൽ നീരജിന് സ്വർണം ലഭിക്കാതെ പോകുന്നത്. എന്നാൽ, മൂന്നു മീറ്റിൽ 23 പോയിന്‍റുമായി ഡയമണ്ട് ലീഗ് ഫൈനലിനു യോഗ്യത നേടിയിട്ടുണ്ട്. യാക്കൂബിന് 29 പോയിന്‍റും ജൂലിയൻ വെബറിന് 25 പോയിന്‍റുമാണുള്ളത്. ഡയമണ്ട് ലീഗിന്‍റെ മൊണാക്കോ പാദത്തിൽ പങ്കെടുക്കാതിരുന്നതാണ് നീരജ് മൂന്നാം സ്ഥാനത്താകാൻ കാരണം. ദോഹയിലും ലോസേനിലും നീരജായിരുന്നു ഡയമണ്ട് ലീഗ് ചാംപ്യൻ.

സൂറിച്ചിലെ ആദ്യ ശ്രമത്തിൽ 80.79 മീറ്ററാണ് ഒളിംപിക് ചാംപ്യൻ കണ്ടെത്തിയത്. അടുത്ത രണ്ടു ശ്രമങ്ങളും ഫൗളായതോടെ അഞ്ചാം സ്ഥാനത്തായി. നാലാം ശ്രമത്തിൽ 85.22 മീറ്ററുമായി രണ്ടാം സ്ഥാനത്തെത്തി. അഞ്ചാമത്തെ ത്രോയും ഫൗളായെങ്കിലും അവസാന ശ്രമത്തിൽ 85.71 മീറ്ററുമായി രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ