കമ്രാൻ അക്മൽ
ന്യൂഡൽഹി: ഏഷ്യാ കപ്പ് സമ്മാനദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പാക്കിസ്ഥാന്‍റെ മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് 'വില കുറഞ്ഞ പെരുമാറ്റം' ആണെന്ന് അക്മൽ കുറ്റപ്പെടുത്തി. ഇനി ഒരു ടൂർണമെന്‍റിലും ഇന്ത്യക്കെതിരേ കളിക്കരുതെന്നു തീരുമാനിക്കണമെന്നും അദ്ദേഹം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (PCB) ആവശ്യപ്പെട്ടു.
പാക്കിസ്ഥാനെ ഫൈനലിൽ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയ ശേഷം നടന്ന ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൻ (ACC) പ്രസിഡന്‍റായ മോഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെത്തുടർന്ന് ചടങ്ങ് വൈകി. തുടർന്ന് ഇന്ത്യക്കു കിട്ടേണ്ട ട്രോഫി നഖ്‌വി വീട്ടിൽ കൊണ്ടുപോയി.
പാക്കിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വി, ടൂർണമെന്‍റിലുടനീളം ഇന്ത്യ വിരുദ്ധ വികാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.
അതേസമയം, സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത് പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ അവഹേളനമായാണ് വിലിരുത്തപ്പെടുന്നത്. ഇതിന്‍റെ ഭാഗമായിരുന്നു അക്മലിന്‍റെയും പ്രതികരണം.
''പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉടൻ തന്നെ 'ഇനി ഇന്ത്യക്കെതിരേ കളിക്കില്ല' എന്നു പ്രഖ്യാപിക്കണം. അപ്പോൾ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) എന്ത് നടപടിയെടുക്കുമെന്നു നമുക്ക് കാണാം. ഇതിന് ഇനിയെന്തു തെളിവാണ് വേണ്ടത്?'' അക്മൽ പറഞ്ഞു.
ബിസിസിഐ പ്രതിനിധിയാണ് (ജയ് ഷാ) ഐസിസിയെ നയിക്കുന്നത് എന്നതിനാൽ നടപടിയൊന്നും ഉണ്ടാകില്ലെന്നും, ഓസ്‌ട്രേലിയക്കാരും ദക്ഷിണാഫ്രിക്കക്കാരും ന്യൂസിലൻഡുകാരും ഉൾപ്പെട്ട നിഷ്പക്ഷ സമിതി രൂപീകരിച്ച് ഈ സംഭവങ്ങളിൽ നടപടി ഉറപ്പാക്കാൻ മറ്റ് ബോർഡുകൾ മുന്നോട്ടു വരണമെന്നും അക്മൽ ആവശ്യപ്പെട്ടു.
ടൂർണമെന്‍റിലുടനീളം ഇന്ത്യയുടെ ഭാഗത്തുനിന്ന് 'വില കുറഞ്ഞ പെരുമാറ്റം' ആണു കണ്ടതെന്നും അക്മൽ ആരോപിച്ചു. ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യൻ ടീമംഗങ്ങൾ പാക് കളിക്കാർക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.