ശരൺദീപ് സിങ്
ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ തോൽവിയറിഞ്ഞതിനു പിന്നാലെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ക്രിക്കറ്റ് ടീം. ജൂലൈ 2ന് എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ രണ്ടാം ടെസ്റ്റിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത‍്യൻ സെലക്റ്റർ ശരൺദീപ് സിങ്.
പേസർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ നിലനിർത്തണമെന്നും ഓൾ റൗണ്ടർ ശാർദൂൽ ഠാക്കൂറിനു പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും ശരൺദീപ് സിങ് പറഞ്ഞു. സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് കളിക്കാൻ സാധിക്കുമെങ്കിൽ അദ്ദേഹത്തെ കളിപ്പിക്കണമെന്നും ശരൺദീപ് സിങ് കൂട്ടിച്ചേർത്തു.
''ശാർദൂൽ ഠാക്കൂറിനു പകരക്കാരനായി കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണം. അത് ടീമിന് കരുത്തേകും. 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണിത്. ഒരു മത്സരം മാത്രമേ നമ്മൾ തോൽവിയറിഞ്ഞിട്ടുള്ളൂ. ഒന്നാം ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ ഒരുപാട് റൺസ് വഴങ്ങിയെങ്കിലും അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നന്നായി ബൗൺസർ എറിയാനും പ്രസിദ്ധിന് കഴിയും. അദ്ദേഹത്തെ രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതില്ല. നല്ലൊരു ഫാസ്റ്റ് ബൗളറായ പ്രസിദ്ധിന് ആത്മവിശാസം അനിവാര‍്യമാണ്. ഇന്ത‍്യ ശക്തമായി തിരിച്ചുവരും'', ശരൺദീപ് സിങ് പറഞ്ഞു.