വിരാട് കോലി
ഓൾഡ് ട്രാഫഡ്: ലോർഡ്സ് ടെസ്റ്റിൽ തോൽവിയറിഞ്ഞതിനു പിന്നാലെ നാലാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത‍്യ. ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് മത്സരം. നീണ്ട 11 വർഷങ്ങൾക്കു ശേഷമാണ് ഇന്ത‍്യ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റുമുട്ടുന്നത്.
നിലവിൽ ആദ‍്യ മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ രണ്ടും വിജയിച്ച ഇംഗ്ലണ്ടാണ് പരമ്പരയിൽ മുന്നിൽ. 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഒരു മത്സരം മാത്രമാണ് ഇന്ത‍്യ വിജയിച്ചത്. രണ്ടു തവണ ടെസ്റ്റ് ചാംപ‍്യൻഷിപ്പ് റണ്ണറപ്പായ ഇന്ത‍്യക്ക് ഇതുവരെ ഓൾഡ് ട്രാഫഡിൽ വിജയിക്കാനായിട്ടില്ല.
വിരാട് കോലി അടക്കമുള്ള താരങ്ങൾക്ക് ഓൾഡ് ട്രാഫഡിൽ ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ലെന്നതാണ് അത്ഭുതകരമായ കാര‍്യം. ഒരു മത്സരം മാത്രമെ വിരാട് കോലി കളിച്ചിട്ടുള്ളുവെങ്കിലും 7 റൺസ് മാത്രമാണ് താരം നേടിയത്. രണ്ട് ഇന്നിങ്സുകളിലും ജയിംസ് ആൻഡേഴ്സണായിരുന്നു കോലിയെ പുറത്താക്കിയത്.
ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറാണ് ഓൾഡ് ട്രാഫഡിൽ സെഞ്ചുറി നേടിയ അവസാന ഇന്ത‍്യൻ താരം. 1990ൽ തന്‍റെ 17ാം വയസിലായിരുന്നു സച്ചിൻ സെഞ്ചുറി നേടിയത്. 17 ബൗണ്ടറിയടക്കം 117 റൺസായിരുന്നു സച്ചിൻ അന്ന് അടിച്ചുകൂട്ടിയത്.
സച്ചിൻ ടെൻഡുൾക്കർ
ഇതേ മത്സരത്തിൽ തന്നെയായിരുന്നു അനിൽ കുംബ്ലെയുടെയും ടെസ്റ്റ് അരങ്ങേറ്റം. 90 വർഷങ്ങൾക്കിടെ 9 തവണ ഓൾഡ് ട്രാഫഡിൽ കളിച്ച ഇന്ത‍്യ 4 മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീമാണ് 2014ൽ ഓൾഡ് ട്രാഫഡിൽ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.