ഹാരിസ് റൗഫ്
കറാച്ചി: ഏഷ‍്യ കപ്പിലെ പരാജയത്തിനു ശേഷം ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് തയാറെടുക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ബാബർ അസം അടക്കമുള്ള സീനിയർ താരങ്ങൾ ടീമിലുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏഷ‍്യ കപ്പിൽ പാക്കിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചെങ്കിലും ടൂർണമെന്‍റിൽ ഇന്ത‍്യയോട് മൂന്നു തവണയും ദയനീയമായി തോൽവി ഏറ്റുവാങ്ങി. ഇതേത്തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാലിപ്പോഴിതാ പേസർ ഹാരിസ് റൗഫിനെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടി20 ടീമിൽ നിന്നും പുറത്താക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഏഷ‍്യ കപ്പിൽ 5 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റ് താരം വീഴ്ത്തിയെങ്കിലും ഇന്ത‍്യക്കെതിരായ ഫൈനലിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്.
3.4 ഓവർ എറിഞ്ഞ റൗഫ് 50 റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ മറ്റു പേസർമാരായ ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവർ മികച്ച രീതിയിൽ തന്നെ പന്തെറിയുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിനെ പാക്കിസ്ഥാൻ ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല.
ഒക്റ്റോബർ 12ന് ലാഹോറിലാണ് ആദ‍്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടു ടി20യും ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനവും ഇരു രാജ‍്യങ്ങളും തമ്മിൽ ഏറ്റുമുട്ടും. നവംബർ ഒന്നിനാണ് ടി20 മത്സരം ആരംഭിക്കുന്നത്. പേസർമാർക്ക് പഞ്ഞമില്ലാത്ത പാക്കിസ്ഥാൻ ഹാരിസ് റൗഫിന് പകരം മറ്റു താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയേക്കും.