IPL debutants 
Sports

ഐപിഎൽ അരങ്ങേറ്റത്തിന് വലങ്കയ്യൻ 'റെയ്ന' മുതൽ അഫ്ഗാനി 'ഹാർദിക്' വരെ

ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്ന യുവതാരങ്ങളെ പരിചയപ്പെടാം...

ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്ന യുവതാരങ്ങളെ പരിചയപ്പെടാം. അക്കൂട്ടത്തിൽ വലങ്കയ്യൻ റെയ്നയും അഫ്ഗാനി ഹാർദികും ജൂനിയർ മലിംഗയും എല്ലാമുണ്ട്....

സമീർ റിസ്‌വി - ചെന്നൈ സൂപ്പർ കിങ്സ്

Sameer Rizvi

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ചരിത്രത്തിൽ തന്നെ ഐതിഹാസിക മാനങ്ങളുള്ള ബാറ്ററായിരുന്നു ചിന്നത്തല എന്നു വിശേഷിപ്പിക്കപ്പെട്ട സുരേഷ് റെയ്ന. വലങ്കയ്യൻ റെയ്ന എന്ന സമീർ റിസ്‌വി എന്ന ഇരുപതുകാരന്‍റെ വിശേഷണം. റെയ്നയുടെ നാടായ ഉത്തർപ്രദേശിൽനിന്നു തന്നെയാണ് വരവ്.

പരിചയസമ്പത്തിനു മുൻതൂക്കം കൊടുക്കുകയും യുവതാരങ്ങളിൽ വലിയ ആവേശം കാണിക്കാതിരിക്കുകയും ചെയ്യുന്ന ചെന്നൈ സൂപ്പർ കിങ്സ് 8.40 കോടി രൂപ സമീർ റിസ്‌വിക്കു വേണ്ടി ചെലവാക്കി എന്നു കേൾക്കുമ്പോൾ തന്നെ വ്യക്തമാണ്, അയാളിൽ എന്തോ ചില പ്രത്യേതകതകളുണ്ടെന്ന്. ഡെറാഡൂണിലെ സ്ലോ വിക്കറ്റിൽ, വരുൺ ചക്രവർത്തിയും ആർ. സായ് കിഷോറും വാഷിങ്ടൺ സുന്ദറും ഉൾപ്പെട്ട തമിഴ്‌നാട് സ്പിൻ അറ്റാക്കിനെ തകർത്തെറിഞ്ഞ്, 46 പന്തിൽ 75 റൺസെടുത്ത പ്രകടനം തന്നെ അതിൽ പ്രധാനം. യുപി ടി20 ലീഗിൽ ഏറ്റവും കൂടുതൽ സിക്സർ, അണ്ടർ-23 സി.കെ. നായിഡു ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി എന്നിങ്ങനെ വേറെയുമുണ്ട് ചെന്നൈ തിങ്ക്‌ടാങ്കിനെ ആകർഷിച്ച പ്രകടനങ്ങൾ.

അമ്പാടി റായുഡു വിരമിക്കുകയും, അജിങ്ക്യ രഹാനെ ആഭ്യന്തര ക്രിക്കറ്റിൽ ഫോമില്ലാതെ നിൽക്കുകയും ചെയ്യുമ്പോൾ സമീർ റിസ്‌വിക്ക് സിഎസ്‌കെയുടെ മധ്യനിരയെ പരിപോഷിപ്പിക്കാൻ കഴിഞ്ഞേക്കും, പ്രത്യേകിച്ചും ചെന്നൈയിൽ വേഗം കുറഞ്ഞ പിച്ചിൽ.

അസ്മത്തുള്ള ഒമർസായ് - ഗുജറാത്ത് ടൈറ്റൻസ്

Asmatulla Omarzai

ഹാർദിക് പാണ്ഡ്യ പതിനൊന്നാം മണിക്കൂറിൽ മുംബൈ ഇന്ത്യൻസിലേക്കു കൂറുമാറിയെങ്കിലും, പറ്റിയൊരു പകരക്കാരൻ ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്ക്വാഡിലുണ്ട്- അഫ്ഗാനിസ്ഥാന്‍റെ ഹാർദിക് പാണ്ഡ്യ എന്നറിയപ്പെടുന്ന അസ്മത്തുള്ള ഒമർസായ്. ബാറ്റിങ് ഓർഡറിൽ എവിടെയും ഇറക്കാം. പവർപ്ലേയിൽ പന്തേൽപ്പിച്ചാൽ സ്വിങ് ഗ്യാരന്‍റി. ഏകദിന ലോകകപ്പിൽ ഒമർസായിയുടെ ബൗളിങ് കണ്ട് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞത് ഭുവനേശ്വർ കുമാറിന്‍റെയും പ്രവീൺ കുമാറിന്‍റെയും പോലെയാണ് അവന്‍റെ റിസ്റ്റ് പൊസിഷൻ എന്നാണ്. ഓസ്ട്രേലിയയെ തോൽവിയുടെ വക്കിലെത്തിച്ച ബൗളിങ് പ്രകടനത്തിനു പിന്നാലെയായിരുന്നു സച്ചിന്‍റെ പ്രശംസ. പിന്നീട് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ പുറത്താകാതെ 149 റൺസെടുത്ത പ്രകടനം. ബംഗ്ലാദേശ് പ്രീമിയർ ലീഗിലും പാക്കിസ്ഥാൻ പ്രീമിയർ ലീഗിലും ബാറ്റിങ് വെടിക്കെട്ടുകൾ.... ഐപിഎല്ലിൽ ഇതൊക്കെ ആവർത്തിക്കാനായാൽ ഹാർദികിന്‍റെ നഷ്ടം ഗുജറാത്ത് ടൈറ്റൻസ് അനായാസം നികത്തും.

നുവാൻ തുഷാര - മുംബൈ ഇന്ത്യൻസ്

Nuwan Thushara

റെയ്നയെയും ഹാർദിക്കിനെയും ഓർമിപ്പിക്കുന്ന കളിക്കാർക്കു പിന്നാലെ വരുന്നത് സാക്ഷാൽ ലസിത് മലിംഗയുടെ പിൻമുറക്കാരനാണ്. പേര് നുവാൻ തുഷാര. വർഷങ്ങളോളം ഐപിഎൽ വേദികളിൽ ഇടിനാദം തീർത്ത മലിംഗയുടെ സ്ലിങ്ങിങ് ആക്ഷനും സ്വിങ്ങും വേഗവും കൃത്യതയുമെല്ലാം പകർത്തിക്കൊണ്ടാണ് ആ വരവ്. അതും, മലിംഗയുടെ തട്ടകമായിരുന്ന മുംബൈ ഇന്ത്യൻസിലേക്കു തന്നെ. അവിടെ മേൽനോട്ടത്തിന് ഒറിജിനൽ മലിംഗ തന്നെ ഡഗ്ഔട്ടിലുണ്ടാകും. സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ എംഐ കേപ്പ് ടൗൺസിലൂടെ ഇതിനകം തന്നെ മുംബൈ ഇന്ത്യസ് സെറ്റപ്പിന്‍റെ ഭാഗമായിക്കഴിഞ്ഞു തുഷാര. ലങ്കൻ പ്രീമിയർ ലീഗിലെയും പാക് ലീഗിലെയും പ്രകടനങ്ങളാണ് മുംബൈ വഴി ഐപിഎല്ലിലേക്കുള്ള വാതിൽ തുറന്നത്. ബംഗ്ലാദേശിനെതിരായ ഹാട്രിക്കുമായി അന്താരാഷ്‌ട്ര ക്രിക്കറ്റിലും വരവറിയിച്ചുകഴിഞ്ഞു.

രചിൻ രവീന്ദ്ര - ചെന്നൈ സൂപ്പർ കിങ്സ്

Rachin Ravindra

ഏകദിന ലോകകപ്പിൽ സാക്ഷാൽ കെയിൻ വില്യംസണിനു പകരക്കാരനായാണ് രചിൻ രവീന്ദ്ര ന്യൂസിലൻഡിന്‍റെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. ടോപ് ഓർഡറിൽ പ്രതീക്ഷകളെ മറികടന്ന പ്രകടനങ്ങളും വന്നു. പിന്നാലെ ട്വന്‍റി20 ക്രിക്കറ്റും തനിക്കു വഴങ്ങുമെന്നു തെളിയിച്ച പ്രകടനങ്ങൾ. ഇതൊക്കെയായിട്ടും 1.8 കോടി രൂപ മുടക്കി ടീമിലെടുത്ത ചെന്നൈ സൂപ്പർ കിങ്സ് അദ്ദേഹത്തെ കളിക്കാനിറക്കുമോ എന്നുറപ്പില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ന്യൂസിലൻഡുകാരൻ തന്നെയായ ഡെവൺ കോൺവെ പരുക്കേറ്റ് ഐപിഎല്ലിൽനിന്നു പിൻമാറുന്നത്. രചിൻ രവീന്ദ്രയിൽ കോൺവെയ്ക്കു യോജിച്ച പകരക്കാരനെ ചെന്നൈക്കു കണ്ടെത്താനാവുമെന്നുറപ്പ്. ഇടങ്കയ്യൻ സ്പിന്നർ കൂടിയാണെന്നത് ടീമിൽ രചിന്‍റെ മൂല്യം വർധിപ്പിക്കുന്നു. അതായത്, കോൺവെയെയും മൊയീൻ അലിയെയും ഒറ്റ കളിക്കാരനിൽ ചെന്നൈക്ക് കിട്ടും. ഇക്കുറി ഋതുരാജ് ഗെയ്ക്ക്‌വാദിന്‍റെ ഓപ്പണിങ് പങ്കാളിയായി ഈ ഇന്ത്യൻ വംശജനെ പ്രതീക്ഷിക്കാം.

ജെറാൾഡ് കോറ്റ്സീ - മുംബൈ ഇന്ത്യൻസ്

Gerlad Coetzee

ഇരുപതു വിക്കറ്റുമായി കഴിഞ്ഞ ലോകകപ്പിന്‍റെ കണ്ടെത്തലായി മാറിയ ഫാസ്റ്റ് ബൗളർ. അതെ, മീഡിയം പേസറല്ല, സ്ഥിരമായി 150 കിലോമീറ്റർ വേഗം കണ്ടെത്തുന്ന ഔട്ട് ആൻഡ് ഔട്ട് ഫാസ്റ്റ് ബൗളർ തന്നെ. രാജസ്ഥാൻ റോയൽസ് നിരയിൽ നേരത്തെ തന്നെ പകരക്കാരനായി എത്തിയിരുന്നെങ്കിലും, ഫുൾ ടൈം റിക്രൂട്ടായി ഐപിഎല്ലിൽ എത്തുന്നത് ഇതാദ്യം, അതും ജോഫ്ര ആർച്ചറുടെ ഒഴിവ് നികത്താൻ, മുംബൈ ഇന്ത്യൻസിലേക്ക്. ദക്ഷിണാഫ്രിക്കൻ ലീഗിൽ ബിഗ് ഹിറ്റിങ് ബാറ്റിങ്ങിലൂടെയും ശ്രദ്ധിക്കപ്പെട്ടു.

സ്പെൻസർ ജോൺസൺ - ഗുജറാത്ത് ടൈറ്റൻസ്

Spencer Johnson

രണ്ടു വർഷം മുൻപ് നിരന്തരം പരുക്കുകൾ അലട്ടിയപ്പോൾ ക്രമേണ ക്രിക്കറ്റ് വിട്ട് ലാൻഡ്സ്കേപ്പ് ഗാർഡനിങ് പ്രൊഫഷനായി സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു സ്പെൻസർ ജോൺസൺ. എന്നാൽ, ഇന്ന് ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെ ഹോട്ട് പ്രോപ്പർട്ടിയായ ഫാസ്റ്റ് ബൗളറായി മാറിക്കഴിഞ്ഞു. 10 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാംപിലെത്തിയത്. സ്കോർ ചെയ്യാൻ സാധിക്കാത്ത ആംഗിളുകളിൽ പന്തെറിയാനും, അസാധാരണ ബൗൺസ് കണ്ടെത്താനും സാധിക്കുന്നതാണ് ജോൺസന്‍റെ മികവ്. സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ വേഗവും കണ്ടെത്തുന്നു. മുഹമ്മദ് ഷമി പരുക്കു കാരണം പുറത്തിരിക്കുന്നതിനാൽ ഈ ഇടങ്കയ്യൻ പേസറെ ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റ ഉപയോഗപ്പെടുത്തുക തന്നെ ചെയ്യാനാണ് സാധ്യത.

കുമാർ കുശാഗ്ര - ഡൽഹി ക്യാപ്പിറ്റൽസ്

Kumar Kushagra

എം.എസ്. ധോണിയുടെയും ഇഷാൻ കിഷന്‍റെയും നാടായ ഝാർഖണ്ഡിൽ നിന്ന് മറ്റൊരു ഹാർഡ് ഹിറ്റിങ് വിക്കറ്റ് കീപ്പർ, അതാണ് കുമാർ കുശാഗ്ര. ചെന്നൈ സൂപ്പർ കിങ്സിൽനിന്നും ഗുജറാത്ത് ടൈറ്റൻസിൽനിന്നുമുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. 7.20 കോടി രൂപയും മുടക്കി. ഋഷഭ് പന്ത് സീസണിന്‍റെ തുടക്കത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് കളിക്കുന്നതെങ്കിൽ വിക്കറ്റിനു പിന്നിൽ ഈ പത്തൊമ്പതുകാരൻ തന്നെയാകും.

ദേവ്ധർ ട്രോഫി ഏകദിന ടൂർണമെന്‍റിലെ പ്രകടനം കണ്ടാണ് ക്യാപ്പിറ്റൽസിന്‍റെ ക്രിക്കറ്റ് ഡയറക്റ്റർ സൗരവ് ഗാംഗുലി യുവതാരത്തിൽ ആകൃഷ്ടനാകുന്നത്. ഇന്ത്യൻ സെലക്റ്റർമാരും ശ്രദ്ധിച്ചു തുടങ്ങി എന്നതിനു തെളിവാണ് ഇംഗ്ലണ്ട് ലയൺസിനെ നേരിട്ട ഇന്ത്യ എ ടീമിൽ ഉൾപ്പെട്ടത്.

കളിക്കാൻ വന്നു, കളി പഠിപ്പിച്ചു, ഇനി മതി... ഫ്ളെമിങ്ങും സിഎസ്കെയും പിരിഞ്ഞു

ലൈംഗികത്തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ സാധ്യത കൂടുതൽ; പ്രതിരോധ കുത്തിവ‍യ്പ്പ് നൽകാൻ പശ്ചിമബംഗാൾ സർക്കാർ

അയോധ്യ ക്ഷേത്ര കൊള്ള: ഉത്തർപ്രദേശ് സർക്കാരിനും ട്രസ്റ്റിനും സുപ്രീം കോടതി നോട്ടീസ്

നെന്മറ ഇരട്ടക്കൊല; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ബുധനാഴ്ച

വഴക്കിനിടെ ഭാര്യ മൊബൈൽ കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവ് മരിച്ചു