ക്വിന്‍റൺ ഡി കോക്ക്
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൺ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ച തീരുമാനം പിൻവലിച്ചു. പാക്കിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന - ട്വന്‍റി20 ടീമുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നമീബിയക്കെതിരായ ടി20 മത്സരത്തിനുള്ള ടീമിലും ഇടംപിടിച്ചു.
2023ലെ ലോകകപ്പിനു പിന്നാലെയാണ് അദ്ദേഹം ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചത്, അന്ന് പ്രായം വെറും 30 വയസ്. ടി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടില്ലെങ്കിലും, 2024ലെ ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമിലേക്കു പരിഗണിച്ചിരുന്നില്ല. 2021ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
ഇതിനിടെയെല്ലാം ഐപിഎൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കൻ ടീമിനെ ശക്തിപ്പെടുത്തുമെന്ന് കോച്ച് ശുക്രി കോൺറാഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.
2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലായതിനാൽ താൻ തിരിച്ചുവന്നേക്കുമെന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ തന്നെ ഡി കോക്ക് സൂചന നൽകിയിരുന്നു.
155 ഏകദിന മത്സരങ്ങളിൽ 6770 റൺസെടുത്തിട്ടുണ്ട്. ശരാശരി 46 റൺസ്, സ്ട്രൈക്ക് റേറ്റ് 97. ഏകദിന ക്രിക്കറ്റിൽ 21 സെഞ്ചുറിയും 30 അർധ സെഞ്ചുറികളും നേടി. മൂന്ന് ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.