Sports

സഞ്ജു 82*, രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം

ഐപിഎല്ലിൽ തുടരെ അഞ്ചാമത്തെ സീസണിലാണ് സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ 50+ സ്കോർ നേടുന്നത്.

ജയ്‌പുർ: ഐപിഎല്ലിന്‍റെ പതിനേഴാം സീസണിൽ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ കെ.എൽ. രാഹുൽ നയിച്ച ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ 20 റൺസിന്‍റെ ആധികാരിക വിജയമാണ് രാജസ്ഥാൻ കുറിച്ചത്. 82 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, തുടരെ അഞ്ചാം സീസണിലും ആദ്യ മത്സരത്തിൽ 50+ സ്കോർ എന്ന അപൂർവ നേട്ടത്തിനും ഉടമയായി.

ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടുകയും ചെയ്തു. ലഖ്നൗവിന്‍റെ മറുപടി 20 ഓവറിൽ 173/6 എന്ന നിലയിൽ ഒതുങ്ങി.

നേരത്തെ, യശസ്വി ജയ്സ്വാളിനെയും (24) ജോസ് ബട്ലറെയും (11) വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്കു നയിച്ചത്. പരാഗ് 29 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 43 റൺസെടുത്തു. 52 പന്ത് മാത്രം നേരിട്ട സഞ്ജു മൂന്നു ഫോറും ആറു കൂറ്റൻ സിക്സറുകളും സഹിതമാണ് 82 റൺസെടുത്തത്. ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 97 റൺസും കൂട്ടിച്ചേർത്തു. ധ്രുവ് ജുറൽ 12 പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ലഖ്നൗവിനു വേണ്ടി ക്യാപ്റ്റൻ രാഹുലും (44 പന്തിൽ 58) വിൻഡീസ് താരം നിക്കോളാസ് പുരാനും (41 പന്തിൽ പുറത്താകാതെ 64) പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്കു നയിക്കാനായില്ല. രാജസ്ഥാനു വേണ്ടി ട്രെന്‍റ് ബൗൾട്ട് രണ്ട് വിക്കറ്റ് നേടിയപ്പോൾ, നാന്ഡ്രെ ബർഗർ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് നേടി.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം