മത്സരശേഷം ജോസ് ബട്ലറുടെ ആഹ്ളാദ പ്രകടനം.
മത്സരശേഷം ജോസ് ബട്ലറുടെ ആഹ്ളാദ പ്രകടനം. 
Sports

റെക്കോഡ് റൺ ചേസുമായി രാജസ്ഥാൻ; വിസ്മയം ബട്‌ലർ

കോൽക്കത്ത: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി രാജസ്ഥാൻ റോയൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അദ്ഭുത വിജയം കുറിച്ചു. രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ അവസാന പന്തിൽ 224 റൺസ് എന്ന വിജയ ലക്ഷ്യം ഓടിയെടുക്കുമ്പോൾ ജോസ് ബട്‌ലറുടെ അദ്ഭുത ഇന്നിങ്സും ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

56 പന്തിൽ 109 റൺസെടുത്ത ഓപ്പണർ സുനിൽ നരെയ്നാണ് കോൽക്കത്തയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. എന്നാൽ, മറുവശത്തെ ബാറ്റിങ് തകർച്ചയെ കൂടി അതിജീവിച്ച് ബട്‌ലർ 60 പന്തിൽ പുറത്താകാതെ നേടിയ 107 റൺസ് മത്സരഫലം അപ്രതീക്ഷിതമായി സന്ദർശക ടീമിന് അനുകൂലമായി തിരിക്കുകയായിരുന്നു. ആകെ 447 റൺസ് പിറന്ന മത്സരത്തിൽ നരെയ്നും ബട്‌ലറുമല്ലാതെ ഒരു ബാറ്റർ പോലും അർധ സെഞ്ചുറി പോലും നേടിയതുമില്ല.

മത്സരത്തിൽ സുനിൽ നരെയ്ന്‍റെ ബാറ്റിങ്.

നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസൺ ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഫിൽ സോൾട്ടിനെ (13 പന്തിൽ 10) വേഗത്തിൽ നഷ്ടമായെങ്കിലും യുവതാരം അംഗ്‌കൃഷ് രഘുവംശിയെ (18 പന്തിൽ 30) കൂട്ടുപിടിച്ച് നരെയ്ൻ വെടിക്കെട്ടിനു തിരികൊളുത്തി. അതിനു ശേഷം റിങ്കു സിങ്ങിനു (9 പന്തിൽ പുറത്താകാതെ 20) മാത്രമാണ് കാര്യമായ സംഭാവന നൽകാൻ സാധിച്ചത്. രാജസ്ഥാനു വേണ്ടി ആവേശ് ഖാനും കുൽദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

റിങ്കുവിന്‍റെ കാമിയോ ഒഴിച്ചു നിർത്തിയാൽ നരെയ്ന്‍റെ വെടിക്കെട്ടിനു ശേഷം റണ്ണൊഴുക്ക് തടുത്തു നിർത്താൻ രാജസ്ഥാൻ നായകനും ബൗളർമാർക്കും സാധിച്ചത് മത്സരഫലത്തിൽ നിർണായകമായെന്നു തെളിയിക്കുന്നതായിരുന്നു മറുപടി ബാറ്റിങ്.

യശസ്വി ജയ്സ്വാൾ (9 പന്തിൽ 19) ഒരിക്കൽക്കൂടി പ്രതീക്ഷയുണർത്തിയ ശേഷം നിരാശപ്പെടുത്തി. വൈഭവ് അറോറയുടെ മനോഹരമായ ഔട്ട്സ്വിങ്ങറിൽ സ്ലിപ്പിൽ വെങ്കടേഷ് അയ്യർക്കു ക്യാച്ച്. തുടർന്നെത്തിയ സഞ്ജു സാംസണും (8 പന്തിൽ 12) നല്ല തുടക്കം മുതലാക്കാനാവാതെ മടങ്ങി. ഈ സമയമത്രയും റൺ നിരക്ക് ഉ‍യർത്താൻ ബട്‌ലർ ബുദ്ധിമുട്ടിയപ്പോൾ റിയാൻ പരാഗിന്‍റെ (14 പന്തിൽ 34) ഇന്നിങ്സാണ് രാജസ്ഥാനെ ചേസിൽ നിലനിർത്തിയത്.

എന്നാൽ, പരാഗിനു പിന്നാലെ, ധ്രുവ് ജുറൽ (2), ആർ. അശ്വിൻ (8), ഷിമ്രോൺ ഹെറ്റ്‌മെയർ (0) എന്നിവർ പെട്ടെന്നു പുറത്തായതോടെ രാജസ്ഥാൻ ആരാധകർ പോലും അവരുടെ പരാജയം ഉറപ്പിച്ചു. പക്ഷേ, ഇതിനകം താളം കണ്ടെത്തിക്കഴിഞ്ഞിരുന്ന ബട്‌ലറുടെ ബാറ്റിൽ നിന്ന് വമ്പൻ ഷോട്ടുകൾ പിറന്നു തുടങ്ങി. മറുവശത്ത് റോവ്മാൻ പവൽ (13 പന്തിൽ 26) പറ്റിയ പങ്കാളിയുമായി.

ജോസ് ബട്ലറെ അഭിനന്ദിക്കുന്ന സുനിൽ നരെയ്ൻ.

പവൽ മടങ്ങിയതിനു പിന്നാലെ ട്രെന്‍റ് ബൗൾട്ട് റണ്ണൗട്ടായെങ്കിലും, അവസാന ഓവറിൽ 9 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് അതിനകം രാജസ്ഥാൻ അടുത്തിരുന്നു. വരുൺ ചക്രവർത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബട്‌ലർ സിക്സറിനു പറത്തിയെങ്കിലും, സ്ട്രൈക്ക് നഷ്ടപ്പെടാതിരിക്കാൻ അടുത്ത മൂന്നു പന്തും ഡോട്ട് ബോൾ ആക്കേണ്ടി വന്നു. മറുവശത്തുണ്ടായിരുന്ന ആവേശ് ഖാനെ ഒരു പന്ത് പോലും ഫെയ്സ് ചെയ്യിക്കാതെ അഞ്ചാമത്തെ പന്തിൽ ഡബിളും അവസാന പന്തിൽ സിംഗിളും ഓടിയെടുത്ത് ബട്‌ലർ അവിശ്വസനീയമായൊരു വിജയം രാജസ്ഥാനു നേടിക്കൊടുക്കുമ്പോൾ എഴുന്നേറ്റു നിന്നു കൈയടിച്ചവരുടെ കൂട്ടത്തിൽ കെകെആർ ഉടമ ഷാരുഖ് ഖാൻ വരെയുണ്ടായിരുന്നു.

പരുക്ക് കാരണം കഴിഞ്ഞ മത്സരം കളിക്കാൻ സാധിക്കാതിരുന്ന ബട്‌ലർ ഈ മത്സരത്തിൽ ഇംപാക്റ്റ് സബ് ആയി ബാറ്റിങ്ങിനു മാത്രമാണ് ഇറങ്ങിയത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം| Video

അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ

സെൽഫി എടുക്കുന്നതിനിടെ സരയുവിൽ വീണ 17കാരൻ മരിച്ചു

മകനും കൊച്ചുമകനും കേസിൽ കുടുങ്ങി, ഇത്തവണ പിറന്നാൾ ആഘോഷമില്ലെന്ന് ദേവഗൗഡ

എംപി സ്വാതി മലിവാളിന്‍റെ പരാതി; കെജ്‌രിവാളിന്‍റെ സ്റ്റാഫിന് ദേശീയ വനിതാ കമ്മിഷന്‍റെ സമൻസ്