മഹാരാഷ്ട്രക്കെതിരേ കേരളത്തിന്‍റെ എം.ഡി. നിധീഷിന്‍റെ ബൗളിങ്.

 
Sports

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

കേരളത്തിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്

Aswin AM

തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസിന് പുറത്തായി. കേരളത്തിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്. നിധീഷിനു പുറമെ എൻ. പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്കോർബോർഡിൽ റൺസ് ചേർക്കുന്നതിനു മുൻപേ തന്നെ ആദ‍്യ മൂന്നു വിക്കറ്റുകളും നഷ്ടമായി. പ‍്യഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ധേഷ് വീർ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ക‍്യാപ്റ്റൻ അങ്കിത് ബാവ്നെയും സൗരഭ് നവാലെയും പുറത്തായതോടെ പ്രതിരോധത്തിലായ ടീമിനെ ജലജ് സക്സേനയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ആറാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 91 റൺസ് നേടിയ ഗെയ്ക്‌വാദ് തന്നെയാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ.

7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്കു വേണ്ടി വിക്കി ഒസ്ത്വാൾ- രാമകൃഷ്ണ ഘോഷ് സഖ‍്യം ചേർത്ത 59 റൺസ് കൂട്ടുകെട്ടാണ് 239 റൺസിലെത്താൻ സഹായിച്ചത്.

അതേസമയം, മറുപടിക്ക് ഇറങ്ങിയ കേരളത്തിന് 35 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. അക്ഷയ് ചന്ദ്രൻ (0), രോഹൻ കുന്നുമ്മൽ (27), ബാബ അപരാജിത് (6) എന്നിവരെയാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്. അക്കൗണ്ട് തുറക്കാതെ സച്ചിൻ ബേബി ക്രീസിൽ.

മഹാരാഷ്ട്രയുടെ രജ്നീഷ് ഗുർബാനി രണ്ടു പേരെ പുറത്താക്കി. ജലജ് സക്സേനയ്ക്ക് ഒരു ഇരയെ ലഭിച്ചു. സൂപ്പർ താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ എന്നിവരുടെ ബാറ്റിലാണ് കേരളത്തിന്‍റെ പ്രതീക്ഷ.

മഹാരാഷ്ട്ര പ്ലെയിങ് ഇലവന്‍: അങ്കിത് ബാവ്‌നെ(ക്യാപ്റ്റൻ), പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, എസ്.എ. വീര്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, വിക്കി ഓട്‌സ്വാള്‍, രാമകൃഷ്ണ ഘോഷ്‌കർ, മുകേഷ് ചൗധരി, രജനീഷ് ഗുർബാനി.

കേരള പ്ലെയിങ് ഇലവന്‍: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, അങ്കിത് ശർമ, എം.ഡി. നിധീഷ്, നെടുമൺകുഴി ബേസിൽ, ഏദൻ ആപ്പിൾ ടോം.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ