രവി ശാസ്ത്രി
മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ജൂൺ 20ന് ആരംഭിക്കാനിരിക്കെ ഇന്ത‍്യൻ ടീമിന്‍റെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുത്ത് മുൻ ഇന്ത‍്യൻ കോച്ചും താരവുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു രോഹിത് ശർമയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെ യുവതാരങ്ങളുമായാണ് ഇന്ത‍്യൻ ടീം കളിക്കാനിറങ്ങുന്നത്.
രവി ശാസ്ത്രിയുടെ ടീമിൽ യശസ്വി ജയ്സ്വാളാണ് ക‍്യാപ്റ്റൻ. ഓപ്പണറായി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലിനെയാണ് രവി ശാസ്ത്രി നിർദേശിച്ചിരിക്കുന്നത്. ടീമിലെ പരിചയസമ്പന്നനായ താരമാണ് രാഹുലെന്നും കഴിഞ്ഞ ഇംഗ്ലണ്ട് പര‍്യടനത്തിൽ ഓപ്പണറായി രാഹുൽ സെഞ്ചുറി നേടിയെന്നും ഇത്തവണയും രാഹുൽ ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം നമ്പറിൽ യുവ താരം സായ് സുദർശനും നാലാം നമ്പറിൽ ശുഭ്മൻ ഗില്ലും. അഞ്ചാം സ്ഥാനത്ത് മലയാളി താരം കരുൺ നായരും ആറാം നമ്പറിൽ രവീന്ദ്ര ജഡേജയും കളിക്കും. ബൗളിങ്ങിനാണ് പ്രധാന‍്യം നൽകുന്നതെങ്കിൽ ശാർദൂൽ ഠാക്കൂറിനെയും ബാറ്റിങ്ങിനാണ് പ്രധാന‍്യം നൽകുന്നതെങ്കിൽ നിതീഷ് കുമാർ റെഡ്ഡിയെയും ഏഴാം നമ്പറിൽ പരിഗണിക്കാമെന്ന് ശാസ്ത്രി പറഞ്ഞു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന പേസർമാരെയും രവി ശാസ്ത്രീ ടീമിൽ ഉൾപ്പെടുത്തി. ലീഡ്സിലെ സാഹചര‍്യം അനുസരിച്ച് പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്‌ദീപ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം നിർദേശിച്ചു.