ഋഷഭ് പന്ത്
വഡോദര: ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം ജനുവരി 11ന് ആരംഭിക്കാനിരിക്കെ ഇന്ത‍്യൻ ടീമിന് തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പരുക്കേറ്റതിനാൽ പരമ്പര നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിടെയാണ് താരത്തിന് പരുക്കേറ്റത്. ഇതേത്തുടർന്ന് ബാറ്റിങ് പരിശീലനം മതിയാക്കി താരം കയറിപ്പോവുകയായിരുന്നു.
ഋഷഭ് പന്ത് ഇന്ത‍്യയുടെ പ്രഥമ വിക്കറ്റ് കീപ്പർ അല്ലാത്തതിനാൽ മറ്റു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സാധ‍്യതയില്ല. കെ.എൽ. രാഹുലും ഇഷാൻ കിഷനുമാണ് ന‍്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ ഇടം നേടിയിട്ടുള്ള മറ്റു വിക്കറ്റ് കീപ്പർമാർ. അതിനാൽ ഇവരെയായിരിക്കും പ്ലെയിങ് ഇലവനിലേക്ക് ആദ‍്യം പരിഗണിക്കുക.
പന്തിന്‍റെ പരുക്കിനെ സംബന്ധിച്ച് ബിസിസിഐ ഔദ‍്യോഗികമായി പ്രഖ‍്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ നടത്തിയിട്ടില്ല. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പരുക്കു മൂലം താരത്തിന് വെസ്റ്റ് ഇൻഡീസ് പരമ്പര നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പന്തിന് വീണ്ടും പരുക്കേറ്റിരിക്കുന്നത്. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേയാണ് പന്ത് അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത്. 31 ഏകദിന മത്സരങ്ങൾ ഇന്ത‍്യയ്ക്കു വേണ്ടി കളിച്ച പന്ത് ഒരു സെഞ്ചുറി ഉൾപ്പടെ 871 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 106.21 ആണ് ഏകദിനത്തിൽ പന്തിന്‍റെ സ്ട്രൈക്ക് റേറ്റ്.