ഋഷഭ് പന്ത്
ഫയൽ
ബെംഗളൂരു: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നവംബർ 14ന് ആരംഭിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ പന്തിനെ ഉൾപ്പെടുത്തിയതായി ബിസിസിഐ പ്രഖ്യാപിച്ചു. ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും പന്തിനാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജ ഓൾറൗണ്ടറായി ടീമിൽ തുടരുന്നു.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ പന്തിന്‍റെ മടങ്ങിവരവ് ഇന്ത്യൻ ആരാധകർക്ക് ആവേശം പകരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റതിനെ തുടർന്ന് പന്ത് ക്രിക്കറ്റ് മൈതാനത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.
പരുക്ക് ഭേദമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (NCA) പരിശീലനം പൂർത്തിയാക്കിയ പന്ത്, അടുത്തിടെ ദക്ഷിണാഫ്രിക്ക 'എ' ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 'എ' ടീമിനെ നയിച്ചിരുന്നു. ഈ മത്സരത്തിൽ അദ്ദേഹം കീപ്പിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം ഇന്നിങ്സിൽ 90 റൺസ് നേടുകയും ചെയ്തു.
പന്തിനെക്കൂടാതെ, ബംഗാൾ പേസർ ആകാശ് ദീപിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തോളെല്ലിനേറ്റ പരിക്കിൽ നിന്ന് മുക്തനായ ശേഷമാണ് ആകാശ് ദീപിന്‍റെ തിരിച്ചുവരവ്. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിൽ ടീമിൽ ഉണ്ടായിരുന്ന പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി. വെറ്ററൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെയും പരിഗണിച്ചിട്ടില്ല. മുംബൈ ബാറ്റർ സർഫറാസ് ഖാന് പതിവുപോലെ ഇത്തവണയും 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല.
ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, യുവതാരങ്ങളായ സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ എന്നിവരും ടീമിൽ തുടരും.
പൂർണ സ്ക്വാഡ്:
ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (നായകൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
ടെസ്റ്റ് പരമ്പര ഷെഡ്യൂൾ:
ഒന്നാം ടെസ്റ്റ്: നവംബർ 14, ഈഡൻ ഗാർഡൻസ്, കോൽക്കത്ത.
രണ്ടാം ടെസ്റ്റ്: നവംബർ 22, ബർസപാറ ക്രിക്കറ്റ് സ്റ്റേഡിയം, ഗോഹട്ടി.
ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക എ ടീമിനെ നേരിടാനുള്ള ഇന്ത്യ എ ടീമിനെയും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. തിലക് വർമ നയിക്കുന്ന ടീമിൽ കേരള താരം സഞ്ജു സാംസണ് ഇടമില്ല. ഇഷാൻ കിഷൻ, പ്രഭ്സിമ്രൻ സിങ് എന്നിവരെയാണ് വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ എ ടീം: തിലക് വർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്വാദ് (വൈസ്-ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ).