രോഹിത് ശർമ - വിരാട് കോഹ്ലി: ഇരുമെയ്യും മനമൊന്നും
File
വി.കെ. സഞ്ജു
ഒന്നര വർഷത്തിന്‍റെ ഇടവേളയിൽ ജനിച്ചവർ; രണ്ടു വർഷത്തിന്‍റെ ഇടവേളയിൽ ഇന്ത്യക്കു വേണ്ടി അണ്ടർ-19 ലോകകപ്പ് കളിച്ചവർ; നാല് വർഷത്തിന്‍റെ ഇടവേളയിൽ ഓരോ ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളികളായവർ; ഒടുവിൽ ഒരുമിച്ചൊരു ലോകകപ്പുയർത്തി അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ഒരുമിച്ചു മതിയാക്കിയവർ... ഇപ്പോഴിതാ അഞ്ച് ദിവസത്തിന്‍റെ ഇടവേളയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഇരുവരും വിരമിക്കുമ്പോൾ, പെട്ടെന്നൊന്നും നികത്താനാവാത്തൊരു ശൂന്യതയാണ് ഇന്ത്യൻ ടീമിൽ സൃഷ്ടിക്കപ്പെടുന്നത്.
ടി20 ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന രോഹിത് ശർമയും വിരാട് കോലിയും
രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കുട്ടി ക്രിക്കറ്റിൽനിന്ന് ഒരുമിച്ച് അരങ്ങൊഴിഞ്ഞപ്പോൾ ഉണ്ടാവാതിരുന്ന പ്രതിസന്ധിയാണ് ഇന്ത്യൻ സെലക്റ്റർമാർക്കു മുന്നിൽ ഇപ്പോൾ രൂപംകൊണ്ടിരിക്കുന്നത്. പകരക്കാരില്ലാത്ത പ്രതിഭകളാണ്, അഴിച്ചുപണികൾ ഒരുപാട് വേണ്ടിവരും ഇന്ത്യൻ ബാറ്റിങ് ഓർഡറിന് ഇനിയൊരു സ്ഥിരതയുണ്ടാകാൻ. മഹേല ജയവർധനെയും കുമാർ സംഗക്കാരയും ഒരുമിച്ച് പടിയിറങ്ങിയപ്പോൾ ശ്രീലങ്ക നേരിട്ടതുപോലൊരു പ്രതിസന്ധി ഇന്ത്യക്ക് ഉണ്ടാവാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാനേ സാധിക്കൂ തത്കാലം.
2006ൽ ഇന്ത്യ റണ്ണറപ്പുകളായ അണ്ടർ-19 ലോകകപ്പിന്‍റെ കണ്ടെത്തലായിരുന്നു രോഹിത് ശർമ. തൊട്ടടുത്ത വർഷം കന്നി ടി20 ലോകകപ്പിൽ കിരീടമുയർത്തിയ ഇന്ത്യൻ യുവനിരയിൽ പത്തൊമ്പതുകാരൻ രോഹിത്തുമുണ്ടായിരുന്നു. 2008ൽ ഇന്ത്യയെ അണ്ടർ-19 കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റൻ അതേ വർഷം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു, ഏകദിന ക്രിക്കറ്റിലായിരുന്നു അത്- പേര് വിരാട് കോലി. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് ഉയർത്തുമ്പോൾ നാലാം നമ്പറിൽ കോലിയുണ്ട്. പ്രായംകൊണ്ട് സീനിയറാണെങ്കിലും, അസ്ഥിരതയും അലസതയും മുഖമുദ്രയാക്കിയ പഴയ രോഹിത്തിന് ആ ടീമിൽ ഇടംപിടിക്കാനായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ധ്രുവങ്ങളായിരുന്നു വിരാടും രോഹിത്തും. ഏജ് ഗ്രൂപ്പ് ക്രിക്കറ്റ് കളിച്ചിരുന്ന കാലം മുതലുള്ള സൗഹൃദം. ഒരേ കാലഘട്ടത്തിൽ തുടങ്ങി, സമാന്തരമായി മാത്രം സഞ്ചരിച്ച പ്ലെയിങ് കരിയർ. എന്നിട്ടും, പരസ്പരമുള്ള താരതമ്യങ്ങൾക്ക് കാര്യമായി ഇടം കൊടുക്കാത്തിടത്തോളം വ്യത്യസ്തത പുലർത്തിയവർ. കഠിനാധ്വാനത്തിന്‍റെയും ഫിറ്റ്നസിന്‍റെയും ആൾരൂപമായി വിരാട് നിലകൊണ്ടപ്പോൾ, 'ലേസി എലഗൻസ്' എന്ന വിശേഷണം സ്ഥാനത്തും അസ്ഥാനത്തും ഏറ്റുവാങ്ങി, പ്രതിഭാധാരാളിത്തമുണ്ടായിട്ടും ഏറെ വൈകി മാത്രം പുഷ്കലമായൊരു കരിയറായിരുന്നു രോഹിത്തിന്‍റേത്. എലഗൻസിനെക്കാൾ ലേസിനസിനു പ്രാധാന്യം കിട്ടിയ ആദ്യകാലത്തിനു ശേഷം ഓപ്പണിങ് റോളിൽ പരീക്ഷിക്കപ്പെടുന്നതോടെയാണ് രോഹിത്തിന്‍റെ പീക്ക് ടൈം തുടങ്ങുന്നത്.
2011ൽ തന്നെ വിരാട് കോലി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ടീമിൽ സ്ഥിരാംഗത്വം നേടാൻ വലിയ താമസമൊന്നും വേണ്ടിവന്നില്ല. പക്ഷേ, ഒന്നര വയസിനു മൂത്ത രോഹിത് ടെസ്റ്റിൽ അരങ്ങേറിയത് 2013ലായിരുന്നു, മധ്യനിരയിൽ. അവിടെയും സ്ഥിരത പുലർത്താനാവാതെ ദീർഘകാലം. ഒടുവിൽ ഓപ്പണിങ് റോളിൽ അതിശക്തമായ തിരിച്ചുവരവ്. താരതമ്യങ്ങളില്ലാത്ത പ്രതിഭകൾ. ശൈലിയിലും സമീപനത്തിലുമെല്ലാം പരസ്പരവിരുദ്ധമായി തുടർന്നപ്പോഴും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നെടുന്തൂണുകളായി ഇരുവരും വളർന്നു.
യഥാർഥത്തിൽ കോലിയുടെ പകുതി മാത്രമാണ് രോഹിത്തിന്‍റെ ടെസ്റ്റ് ഇന്നിങ്സും റൺ നേട്ടവുമെല്ലാം. കോലി 123 ടെസ്റ്റ് കളിച്ചപ്പോൾ രോഹിത് 67 എണ്ണം മാത്രം. കോലി 9210 റൺസെടുത്തപ്പോൾ രോഹിത് 4301. കോലി 30 സെഞ്ചുറിയടിച്ചപ്പോൾ രോഹിത് 12. രോഹിത് മുന്നിലുള്ളത് സിക്സറുകളുടെ എണ്ണത്തിലാണ്- 88 എണ്ണം. കോലി നേടിയത് 30 മാത്രം. വേണമെങ്കിൽ പറയാം, രോഹിത്തിന്‍റെ ക്രെഡിറ്റിൽ രണ്ട് ടെസ്റ്റ് വിക്കറ്റ് കൂടിയുണ്ട്, കോലിയുടെ പേരിൽ ഇല്ല!
പക്ഷേ, കണക്കുകൾ എല്ലാ കഥയും പറയാറില്ല. സുനിൽ ഗവാസ്കറും വീരേന്ദർ സെവാഗുമൊക്കെ ഉൾപ്പെടുന്ന എക്കാലത്തെയും മികച്ച ഇന്ത്യൻ ഓപ്പണർമാരുടെ ഗണത്തിലേക്ക് രോഹിത്തിനെ ഉൾപ്പെടുത്താൻ സ്ഥിതിവിവരക്കണക്കുകൾ മതിയാകില്ല. സച്ചിൻ ടെൻഡുൽക്കർ - രാഹുൽ ദ്രാവിഡ് - സൗരവ് ഗാംഗുലി - വി.വി.എസ്. ലക്ഷ്മൺ - വീരേന്ദർ സെവാഗ് യുഗത്തിനു ശേഷം ഇന്ത്യൻ ടീമിനെ തോളിലേറ്റിയ ഇതിഹാസതുല്യരായ ബാറ്റർമാർ ഇവർ ഇരുവരും മാത്രം. ഇരുമെയ്യും ഒരു മനസുമായി അവർ അടരാടിയതൊക്കെ ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടിയായിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയിലും ടി20 ലോകകപ്പ് ഫൈനലിലെ വിജയത്തിലും അവർ പങ്കുവച്ച വികാരങ്ങൾ ഒന്നായിരുന്നു. ഇനി ഇവർക്കു പകരം ആര് എന്നു ചോദിച്ചാൽ, ആരുമില്ല എന്നു മാത്രമാണ് തത്കാലം ഉത്തരം.
രോഹിത് വിരമിക്കുമ്പോൾ ഓപ്പണിങ് റോളിലേക്ക് ഓട്ടോമാറ്റിക് ചോയ്സ് കെ.എൽ. രാഹുലായിരുന്നു. മൂന്നാം നമ്പർ തത്കാലം ശുഭ്മൻ ഗില്ലിനും ഉറപ്പിക്കാം. എന്നാൽ, കോലി കൂടി അരങ്ങൊഴിയുമ്പോൾ, രാഹുലിനെ നാലാം നമ്പറിലല്ലേ കൂടുതൽ ആവശ്യം എന്നാവും തോന്നുക. അങ്ങനെയെങ്കിൽ യശസ്വി ജയ്സ്വാളിന് പുതിയൊരു ഓപ്പണിങ് പങ്കാളിയെ കണ്ടെത്തേണ്ടിവരും. അത് സായ് സുദർശനാകാം, രാഹുലാകാം, സ്ഥിരം റിസർവായ അഭിമന്യു ഈശ്വരനുമാകാം.
മധ്യനിരയിലേക്ക് ഇതിനകം പരീക്ഷിക്കപ്പെട്ട ദേവദത്ത് പടിക്കലിന്‍റെയും സർഫറാസ് ഖാന്‍റെയും കാര്യത്തിൽ സെലക്റ്റർമാർക്ക് അത്ര ആത്മവിശ്വാസമുണ്ടാകാൻ വഴിയില്ല, പ്രത്യേകിച്ച് അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിൽ കളിക്കാനിരിക്കുമ്പോൾ. ആ നിലയ്ക്ക് ശ്രേയസ് അയ്യരെയോ കരുൺ നായരെയോ ഒരുപക്ഷേ അജിങ്ക്യ രഹാനെയെയോ പോലും തിരിച്ചുവിളിക്കാൻ സാധ്യത ഏറെയാണ്. പക്ഷേ, ഇവരാരും രോഹിത്തിന്‍റെയോ വിരാടിന്‍റെ പകരക്കാരല്ല, അവർ ഒഴിച്ചിടുന്ന സിംഹാസനം കപിൽ ദേവിന്‍റേതു പോലെ, സച്ചിൻ ടെൻഡുൽക്കറുടേതു പോലെ, എം.എസ്. ധോണിയുടേതു പോലെ ഏറെക്കാലം ഒഴിഞ്ഞുതന്നെ കിടക്കും....