സച്ചിൻ ടെൻഡുൽക്കർ മത്സരത്തിനിടെ
ക്രിക്കറ്റിൽ കോപ്പിബുക്ക് ഷോട്ടുകൾ സച്ചിൻ ടെൻഡുൽക്കറിനോളം പരിപൂർണതയോടെ കളിക്കുന്നവർ അപൂർവ്വം. എന്നാൽ പരമ്പരാഗതമല്ലാത്ത ഷോട്ടുകളും സച്ചിന് വഴങ്ങും. പതിറ്റാണ്ടുകൾക്കു മുൻപേ മാസ്റ്റർ ബ്ലാസ്റ്റർ അതു തെളിയിച്ചിട്ടുണ്ട്.
വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെതിരായ ഫൈനലിൽ സച്ചിൻ കളിച്ച അപ്പർ കട്ട് ആരാധകരെ പഴയൊരു ഓർമ്മയിലേക്ക് കൈപിടിച്ചുകൊണ്ടുപോയി. കളിയുടെ ആറാം ഓവറിലായിരുന്നു സംഭവം. വിൻഡീസ് മാസ്റ്റേഴ്സിന്‍റെ പേസർ ജെറോം ടെയ്‌ലർ സച്ചിനു നേരെ ഷോർട്ട് പിച്ച് ബോൾ പ്രയോഗിക്കുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്തിനെ ഉശിരൻ അപ്പർ കട്ടിലൂടെ സച്ചിൻ തേർഡ്മാൻ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. 2003 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം അപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസിലെത്തി. അന്ന് പാക്കിസ്ഥാനെതിരേ അവരുടെ തുറുപ്പുചീട്ടായ പേസർ ഷൊയ്ബ് അക്തറിന്‍റെ അതിവേഗ ബൗൺസറിനെ ഉജ്വലമൊരു അപ്പർ കട്ടിലൂടെ സച്ചിൻ സിക്സർ പറത്തിയിരുന്നു. മത്സരത്തിൽ സച്ചിൻ നേടിയ 98 റൺസാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.