വിഷ്ണു വിനോദും സഞ്ജു സാംസണും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് താര ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനു വേണ്ടി വിവിധ ടീമുകൾ വീറോടെ മത്സരിച്ചപ്പോൾ, 26.80 ലക്ഷം എന്ന റെക്കോഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി തങ്ങളുടെ പാളയത്തിലെത്തിച്ചത്. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസുമാണ് സഞ്ജുവിനു വേണ്ടി അവസാനം വരെ മത്സരത്തിലുണ്ടായിരുന്നത്.
കേരള ക്രിക്കറ്റിലെ മറ്റു സൂപ്പർ താരങ്ങളായ വിഷ്ണു വിനോദ്, ജലജ് സക്സേന തുടങ്ങിയവർക്കു വേണ്ടിയും ടീമുകൾ തമ്മിൽ ശക്തമായ മത്സരമുണ്ടായി. കൊല്ലം സെയിലേഴ്സ് 12.80 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണു വിവിധ ഐപിഎൽ ടീമുകളുടെ ഭാഗമായിരുന്നു. കേരള ടീമിൽ കളിക്കുന്ന മധ്യപ്രദേശിൽനിന്നുള്ള അതിഥി താരം ജലജ് സക്സേനയ്ക്ക് 12.40 ലക്ഷം രൂപയും ലഭിച്ചു. ആലപ്പി റിപ്പിൾസ് ടീമിലായിരിക്കും ജലജ് കളിക്കുക.
കഴിഞ്ഞ സീസണിൽ 7.40 ലക്ഷം രൂപ ലഭിച്ച എം.എസ്. അഖിലിന്‍റെ പേരിലായിരുന്നു കേരള ക്രിക്കറ്റ് ലീഗിലെ വിലയേറിയ താരം എന്ന റെക്കോഡ്. അന്ന് ട്രിവാൻഡ്രം റോയൽസിന്‍റെ ഭാഗമായ അഖിലിനെ ഇത്തവണ കൊല്ലം സെയിലേഴ്സ് 8.40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.