സഞ്ജു സാംസൺ
മുംബൈ: ഇന്ത‍്യൻ ടി20 ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ സെലക്റ്റർമാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഹിന്ദി പത്രമായ ദൈനിക് ജാഗരൺ ആണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ടീമിനെ നയിച്ച പരിചയസമ്പത്തും നിലവിൽ ബാറ്റിങ്ങിലെ മികച്ച ഫോമും സെലക്റ്റർമാരിൽ മതിപ്പുണ്ടാക്കിയതായാണ് വിവരം.
നേരത്തെ സൂര‍്യകുമാറിനു പകരം ശ്രേയസിനെയാണ് സെലക്റ്റർമാർ പരിഗണിക്കുന്നതെന്ന് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 2 വർഷത്തിലേറെയായി ടി20 ടീമിൽ ഇടം നേടാനാവാത്ത താരം ടീമിൽ തിരിച്ചെത്തുമ്പോൾ ക‍്യാപ്റ്റൻ സ്ഥാനം പരിഗണിക്കാമെന്നാണ് നിലവിലെ സെലക്റ്റർമാരുടെ നിലപാട്. ശ്രേയസിന് പകരം സഞ്ജുവിനെ ക‍്യാപ്റ്റനാക്കണമെന്ന് തന്നെയാണ് മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ആവശ‍്യമെന്നാണ് സൂചന.
അതേസമയം, സൂര‍്യകുമാർ യാദവ് മോശം ഫോമാണ് ഐപിഎല്ലിൽ കാഴ്ചവയ്ക്കുന്നത്. 10 മത്സരങ്ങൾ കളിച്ച താരം 19.52 ശരാശരിയിൽ 195 റൺസാണ് ആകെ നേടിയത്. ഒരു കാലത്ത് അൺ ഓർത്ത്ഡോക്സ് ഷോട്ടുകൾ കൊണ്ട് വിസ്മയിപ്പിച്ച താരത്തെ മിസ്റ്റർ 360 എന്നായിരുന്നു ആരാധകർ വിശേഷിപ്പിച്ചത്. പഴയ വീര‍്യത്തോടെ ശക്തമായി സൂര‍്യകുമാർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരയിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും നായകമാറ്റം ഉണ്ടാകുന്നത്.