സഞ്ജു സാംസൺ
ന‍്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി റെക്കോഡ് നേടി മലയാളി താരം സഞ്ജു സാംസൺ. ടീമിനു വേണ്ടി ഏറ്റവും കൂടൂതൽ റൺസ് നേടിയ താരമെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാനു വേണ്ടി സഞ്ജു 4000 റൺസ് പിന്നിട്ടു. ചെന്നൈക്കെതിരായ മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടിയതോടെയാണ് താരം ഈ അപൂർവ നേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ട് താരം ജോഷ് ബട്‌ലറിന്‍റെ റെക്കോഡാണ് സഞ്ജു തകർത്തത്. രാജസ്ഥാൻ റോയൽസിനു വേണ്ടി 3055 റൺസ് ബട്‌ലർ നേടിയിട്ടുണ്ട്. ബട്‌ലറിനു പിന്നാലെ അജിങ്ക‍്യാ രഹാനെ (2810) ഷെയ്ൻ വാട്സൺ (2372), യശസ്വി ജയ്‌സ്വാൾ (2166), റിയാൻ പരാഗ് (1563) രാഹുൽ ദ്രാവിഡ് (1276), സ്റ്റീവ് സ്മിത്ത് (1070) യൂസഫ് പഠാൻ (1011), ഷിമ്രോൺ ഹെയ്റ്റ്‌മെയർ (953) എന്നിവരാണ് രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരങ്ങൾ.
ഐപിഎല്ലിൽ ഒരു ടീമിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വിരാട് കോലിയാണ്. 8509 റൺസാണ് താരം ആർസിബിക്കു വേണ്ടി നേടിയിട്ടുള്ളത്. ഐപിഎല്ലിൽ 177 മത്സരങ്ങൾ കളിച്ച സഞ്ജു 4679 റൺസ് നേടിയിട്ടുണ്ട്.