സഞ്ജു സാംസൺ ഐപിഎൽ മത്സരത്തിനിടെ.
File photo
വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ അപകടത്തിലാകുന്നത് സഞ്ജുവിന്‍റെ സ്ഥാനം. തിലക് വർമയെ ഒഴിവാക്കിയാൽ മാത്രമേ സഞ്ജുവിനെ ഉൾപ്പെടുത്താൻ സാധിക്കൂ. ടോപ് ഓർഡറിൽ ഇടമില്ലെങ്കിൽ സഞ്ജുവിനു പകരം ജിതേഷ് ശർമയാകും വിക്കറ്റ് കീപ്പറാകുക.
ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. എന്നാൽ, ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ തിരിച്ചെത്തിയതോടെ പ്ലെയിങ് ഇലവനിൽ സഞ്ജുവിനു സ്ഥാനം ഉറപ്പില്ലാതായി. ടീം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ചീഫ് സെലക്റ്റർ അജിത് അഗാർക്കറുടെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും വാക്കുകൾ നൽകുന്ന സൂചന ഇതാണ്.
ലോക ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനായ അഭിഷേക് ശർമ തന്നെയായിരിക്കും ടീമിന്‍റെ ഒരു ഓപ്പണർ എന്ന് അഗാർക്കർ പരോക്ഷമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടങ്കയ്യൻ എന്നതാണ് പ്രധാന ആനുകൂല്യം. അതുകൊണ്ടു തന്നെയാണ് ഇൻ ഫോം ബാറ്റർ യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതും. ഗില്ലും സഞ്ജുവും മികച്ച കളിക്കാർ തന്നെയാണെങ്കിലും, അഭിഷേകിനൊപ്പം ആരാണ് ഓപ്പൺ ചെയ്യുക എന്ന കാര്യം ക്യാപ്റ്റനും കോച്ചും ദുബായിൽ തീരുമാനിക്കുമെന്നാണ് അഗാർക്കർ പറയുന്നത്.
രാജ്യത്തിന്‍റെ ടെസ്റ്റ് ടീം ക്യാപ്റ്റനെ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാക്കിയത് എന്തായാലും റിസർവ് ബെഞ്ചിലിരിക്കാനാവില്ല. മൂന്നു മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിൽ തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവരായിരിക്കും ഇറങ്ങുക. ആ സ്ഥിതിക്ക് ഓപ്പണിങ് റോൾ തന്നെയാവും ഗില്ലിന് അഭികാമ്യം.
പിന്നെ ശേഷിക്കുന്നത് ഏഴും എട്ടും സ്ഥാനത്ത് കളിക്കാൻ സാധിക്കുന്ന ഫിനിഷർമാരുടെ റോളാണ്. റിങ്കു സിങ്, ശിവം ദുബെ എന്നിവരിലൊരാളും വിക്കറ്റ് കീപ്പറുമാണ് ഈ പൊസിഷനുകളിൽ ഇറങ്ങുക. ടോപ് ഓർഡർ ബാറ്ററായ സഞ്ജുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. അതേസമയം, ആർസിബിയുടെ ഐപിഎൽ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച അവരുടെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഫിനിഷ് മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ സഞ്ജു ഓപ്പണറാകുന്നില്ലെങ്കിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയായിരിക്കും കളിക്കുക.
മറ്റൊരു സാധ്യത തിലക് വർമയെ പുറത്തിരുത്തി സഞ്ജുവിനെയും ഗില്ലിനെയും ഒരുമിച്ച് കളിപ്പിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ, ഐപിഎല്ലിൽ മൂന്നാം നമ്പറിലും തിളങ്ങിയിട്ടുള്ള സഞ്ജുവിന് ആ പൊസിഷൻ കിട്ടാനിയടുണ്ട്. തിലക് വർമ ഐപിഎല്ലിൽ ഫോമിലായിരുന്നുമില്ല.
അതല്ലെങ്കിൽ, അഭിഷേക് - സഞ്ജു സഖ്യം പൊളിക്കാതെ, ആങ്കർ റോൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഗില്ലിനെയും മൂന്നാം നമ്പറിൽ പരീക്ഷിക്കാൻ സാധിക്കും.
ലോകകപ്പിനു ശേഷം ഇന്ത്യ കളിക്കുന്ന വലിയ ടൂർണമെന്‍റ് എന്ന നിലയിൽ ഓരോ മത്സരങ്ങൾക്കനുസരിച്ചുള്ള പദ്ധതികളായിരിക്കും തയാറാക്കുക. കോച്ച് ഗൗതം ഗംഭീറിന്‍റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും തന്ത്രങ്ങൾ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായിരിക്കും. ഗില്ലിനെ ഒഴിവാക്കിയുള്ള തന്ത്രങ്ങളൊന്നും അവിടെ സ്വീകരിക്കപ്പെടാനും സാധ്യതയില്ല. അങ്ങനെ വരുമ്പോൾ സഞ്ജുവും തിലക് വർമയും തമ്മിലായിരിക്കും പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം എന്നു വേണം കരുതാൻ.