ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു രോഹിത് ശർമ വിരമിക്കൽ പ്രഖ‍്യാപിച്ചതോടെ ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യൻ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം ശുഭ്മൻ ഗില്ലിനെ ഏൽപ്പിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക‍്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെയും നിയോഗിക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. ജൂണിലാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം ഉൾപ്പെടുന്ന ഇംഗ്ലണ്ട് പര‍്യടനം.
ഐപിഎൽ പൂർത്തിയായ ശേഷമായിരിക്കും ഔദ‍്യോഗിക പ്രഖ‍്യാപനമുണ്ടാവുക. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചതോടെയാണ് ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യയ്ക്ക് പുതിയ നായകനെ കണ്ടത്തേണ്ടി വന്നത്.
പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ഉറപ്പുള്ള താരത്തെ നായകനായി തെരഞ്ഞെടുക്കണമെന്ന് മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്റ്റർമാരും തീരുമാനിച്ചെന്നാണ് സൂചന. അതിനാൽ ജസ്പ്രീത് ബുംറയെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല.
ഇതിനിടെ, ഇംഗ്ലണ്ട് പരമ്പരയിൽ നായക സ്ഥാനം ഏറ്റെടുക്കാമെന്ന് അറിയിച്ച് വിരാട് കോലി രംഗത്തെത്തിയിരുന്നുവെന്നും, എന്നാൽ താത്കാലിക നായകനെന്ന നിർദേശം ഗംഭീറും സെലക്റ്റർമാരും തള്ളിയെന്നും റിപ്പോർട്ടുണ്ട്. വിദേശ സാഹചര‍്യങ്ങളിൽ ശുഭ്മൻ ഗില്ലിന് മികച്ച റെക്കോഡില്ലെങ്കിലും ഭാവി കണക്കിലെടുത്താണ് സെലക്റ്റർമാരുടെ തീരുമാനമെന്നാണ് കരുതുന്നത്.