കാമിന്ദു മെൻഡിസ്
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് 134 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാനെ സാധിച്ചുള്ളൂ. പാക്കിസ്ഥാനു വേണ്ടി ഷഹീൻ ഷാ അഫ്രീദി മൂന്നും ഹുസൈൻ താലത്ത് ഹാരിസ് റൗഫ് എന്നിവർ രണ്ടും അബ്രാർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്കു വേണ്ടി കാമിന്ദു മെൻഡിസിനു മാത്രമാണ് പൊരുതി നിൽകാൻ സാധിച്ചത്. 44 പന്തിൽ നിന്നും 3 ബൗണ്ടറിയും 2 സിക്സറും ഉൾപ്പടെ 50 റൺസാണ് താരം നേടിയത്.
മറ്റു താരങ്ങളെല്ലാവരും നിരാശപ്പെടുത്തി. ഓപ്പണർ ബാറ്റർമാരായ പാത്തും നിസങ്ക (8), കുശാൽ മെൻഡിസ് (0)എന്നിവർക്ക് പാക് ബൗളിങ് ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഷഹീൻ അഫ്രീദിയാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കുശാൽ പെരേരയ്ക്കും (15) ക‍്യാപ്റ്റൻ ചാരിത് അസലങ്കയ്ക്കും (20) ടീമിനു വേണ്ടി കാര‍്യമായ സംഭാവനകൾ നൽകാനായില്ല.
വാലറ്റത്തിനും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നത്തോടെ 134 റൺസിൽ കലാശിക്കുകയായിരുന്നു ശ്രീലങ്കയുടെ ബാറ്റിങ്. അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിൽ പരാജയപ്പെടുന്ന ടീം ടൂർണമെന്‍റിൽ നിന്നും പുറത്താവും.