പ്രഭാത് ജയസൂര‍്യ
കൊളംബോ: ശ്രീലങ്ക- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്നിങ്സിനും 78 റൺസിനുമാണ് ശ്രീലങ്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെ ശ്രീലങ്ക ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ആദ‍്യ ഇന്നിങ്സിൽ ശ്രീലങ്ക ഉയർത്തിയ 211 റൺസ് ലീഡ് മറികടക്കാൻ രണ്ടാം ഇന്നിങ്സിൽ ബാറ്റേന്തിയ ബംഗ്ലാദേശ് 133 റൺസിന് പുറത്തായി.
6 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലായിരുന്നു നാലാം ദിവസം ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ 18 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നാലാം ദിവസം നേടാനായത്. ഇതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി.
26 റൺസ് നേടിയ മുഷ്ഫിഖർ റഹീമാണ് രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കു വേണ്ടി സ്പിന്നർ പ്രഭാത് ജയസൂര‍്യ അഞ്ചും ധനഞ്ജയ ഡിസിൽവ, താരിന്ദു രത്നായകെ എന്നിവർ രണ്ട് വീതവും അസിത ഫെർനാൻഡോ ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 247 റൺസിന് പുറത്താവുകയായിരുന്നു. 46 റൺസ് നേടിയ ഷദ്മാൻ ഇസ്ലാം ടോപ് സ്കോററായി. കൂടാതെ മുഷ്ഫിഖർ റഹീം 35 റൺസും, ലിട്ടൻ ദാസ് 34 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 458 റൺസ് സ്കോർ ചെയ്തതോടെയാണ് ബംഗ്ലാദേശിന് മുന്നിൽ 211 റൺസ് ലീഡ് വച്ചത്.
ശ്രീലങ്കയ്ക്ക് വേണ്ടി പാഥും നിശങ്ക (158) സെഞ്ചുറിയും ദിനേശ് ചാന്ദിമൽ (93), കുശാൽ മെൻഡിസ് (84) എന്നിവർ അർധ സെഞ്ചുറിയും നേടിയത് ടീമിനെ മികച്ച സ്കോറിലെത്തിച്ചു. ആദ‍്യ മത്സരം സമനിലയിൽ കലാശിക്കുകയും രണ്ടം ടെസ്റ്റിൽ വിജയിക്കുകയും ചെയ്തതോടെ ശ്രീലങ്ക പരമ്പര സ്വന്തമാക്കി.