സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍ഗോഡും മലപ്പുറവും ക്വാര്‍ട്ടറില്‍

 

representative image

Sports

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍ഗോഡും മലപ്പുറവും ക്വാര്‍ട്ടറില്‍

ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കാസര്‍ഗോഡ് കീഴടക്കിയത്

Namitha Mohanan

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യദിനം കാസര്‍ഗോഡ്, മലപ്പുറം ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ ഇരുടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിൽ ഇടംനേടി.

രാവിലെ ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) കാസര്‍ഗോഡ് കീഴടക്കിയത്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതിനാല്‍ (2-2) കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് മലപ്പുറം പത്തനംതിട്ടയെ പരാജയപ്പെടുത്തിയത്.

മുഹമ്മദ് മുബീന്‍ ഹാട്രിക് നേടിയ മത്സരത്തില്‍, ഹാഷിര്‍, നന്ദു കൃഷ്ണ എന്നിവര്‍ ഇരുവട്ടം എതിര്‍ വലകുലുക്കി. റിസ്വാന്‍ ഷൗക്കത്ത്, ജന്‍ബാസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കാസര്‍ഗോഡിനെതിരായ മത്സരത്തില്‍ 11-ാം മിനിറ്റില്‍ തന്നെ മുഹമ്മദ് നിഹാല്‍ വയനാടിന് മുന്‍തൂക്കം നല്‍കി. 42-ാം മിനിറ്റില്‍ ഉജ്ജ്വലമായൊരു ഫ്രീകിക്ക് ഗോളിലൂടെ മുഹമ്മദ് അമീന്‍ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയില്‍ ആക്രമിച്ചുകളിച്ച കാസര്‍ഗോഡ് ദാനഗോളിലൂടെയാണ് ലീഡ് കുറച്ചത്. 66-ാം മിനിറ്റില്‍ അമീന്‍ ചുവപ്പുകാര്‍ഡുമായി മടങ്ങിയതോടെ വയനാട് കൂടുതല്‍ സമ്മര്‍ദത്തിലായി. 83-ാം മിനിറ്റില്‍ അബൂബക്കര്‍ ദില്‍ഷാദിന്‍റെ അതിമനോഹര ഫ്രീകിക്ക് ഗോളില്‍ ഒപ്പംപിടിച്ച കാസര്‍ഗോഡ് ഷൂട്ടൗട്ടില്‍ പിഴയ്ക്കാതെ ജയം സ്വന്തമാക്കുകകയായിരുന്നു.

വൈകിട്ട് നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി. ശ്രീനിജന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ കെഎഫ്എ പ്രസിഡന്‍റ് നവാസ് മീരാന്‍, സെക്രട്ടറി ഷാജി കുര്യന്‍, ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിങ് സെക്രട്ടറി പി.അനില്‍കുമാര്‍, ഡിഎഫ്എ സെക്രട്ടറി വിജു ചൂളയ്ക്കല്‍, വി.പി ചന്ദ്രന്‍, എ.എസ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ

ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്