സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: തൃശൂര്‍ ജേതാക്കള്‍
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജേതാക്കള്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കലാശക്കളിയില്‍ ഇടുക്കിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോൽപ്പിച്ചാണ് കിരീടനേട്ടം. കഴിഞ്ഞദിവസം സംസ്ഥാന വനിതാ ചാമ്പ്യന്‍ഷിപ്പിലും തൃശൂര്‍ ജേതാക്കളായിരുന്നു. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26ാം മിനിറ്റില്‍ ബോക്‌സിനകത്ത് ഇടുക്കി താരം കൈകൊണ്ട് വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിച്ചു.
തൃശൂരിനായി പി.സന്തോഷ് അനായാസം പന്ത് വലയിലെത്തിച്ചു. 32ാം മിനിറ്റില്‍ അബിന്‍ കൃഷ്ണയിലൂടെ തൃശൂര്‍ ലീഡുയര്‍ത്തി. വലത് വിങില്‍ നിന്ന് പി.എ നാസര്‍ നല്‍കിയ അളന്നുമുറിച്ചൊരു പാസ്, വലയ്ക്ക് ഇടതുഭാഗത്തായി നിലയുറപ്പിച്ച അബിന്‍ മനോഹരമായൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലീഡ് വഴങ്ങിയിട്ടും രണ്ടാം പകുതിയിലും കാര്യമായ പ്രകടനം നടത്താന്‍ ഇടുക്കിക്ക് കഴിഞ്ഞില്ല. മുന്‍നിര കളിക്കാരുടെ പരുക്കും തുടര്‍ച്ചയായ മത്സരങ്ങളുമാണ് ടൂര്‍ണമെന്‍റില്‍ ഒരുഗോളും വഴങ്ങാതെ ഫൈനലിലെത്തിയ ഇടുക്കിയെ തളര്‍ത്തിയത്. 20 വര്‍ഷത്തിന് ശേഷമായിരുന്നു സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയുടെ ഫൈനല്‍ പ്രവേശം. ഇടുക്കി ക്യാപ്റ്റന്‍ വിബിന്‍ വിധു ടൂര്‍ണമെന്‍റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്‍റെ സന്ദീപ് കെ.എസ് ആണ് മികച്ച ഗോള്‍കീപ്പര്‍. വിജയികള്‍ക്ക് ടി.ജെ വിനോദ് എംഎല്‍എയും, കാലിക്കറ്റ് എഫ്‌സി സിഇഒ മാത്യു കോരത്തും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. ഡിഎഫ്എ പ്രസിഡന്‍റ് വി.പി ശ്രീനിജന്‍ എംഎല്‍എ, ഫോഴ്‌സ കൊച്ചി സിഇഒ അംബരീഷ്, കെഎഫ്എ ഹോണററി പ്രസിഡന്‍റ് ടോം ജോസ്, സെക്രട്ടറി ഷാജി കുര്യന്‍, ഡിഎഫ്എ സെക്രട്ടറി വിജു ചൂളയ്ക്കല്‍, ടൂര്‍ണമെന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി പി.അനില്‍കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ് എംഡി പി.വി ആന്‍റണി തുടങ്ങിയവര്‍ വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
നിലവിലെ ചാമ്പ്യന്‍മാരായ കോട്ടയത്തെ പരാജയപ്പെടുത്തിയതാണ് തൃശൂര്‍ ഫൈനലിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ കൊല്ലത്തെയും, ക്വാര്‍ട്ടറില്‍ മലപ്പുറത്തെയും തോൽപ്പിച്ചു. മുഹമ്മദ് ഷഫീഖ് ആണ് പരിശീലകന്‍. ടീമംഗങ്ങള്‍: സന്ദീപ് കെ.എസ്, അമല്‍ കെ.എ, മുഹമ്മദ് ഷബിന്‍ കെ.ആര്‍, സുജിത് വി.ആര്‍, സന്തോഷ് പി, വിഷ്ണുപ്രകാശ് വി.പി, ആന്‍റണി പൗലോസ്, അബിന്‍ കൃഷ്ണ, എ.വി അര്‍ജുന്‍ദാസ്, അജിത് കെ.എസ്, നാസര്‍ പി.എ, എസ്തപാനോസ് ലിബിന്‍, മര്‍വാന്‍ ഹുസൈന്‍, മുഹമ്മദ് മുസമ്മില്‍, എഡ്വിന്‍ എന്‍.എഫ്, മുഹമ്മദ് നിഹാല്‍, ടൈസണ്‍ സി.ജെ, സാഗര്‍ സോമന്‍, മുഹമ്മദ് ആഷിഫ്, മിഥുന്‍ കൃഷ്ണ. മാനേജര്‍: രാകേഷ് രാമചന്ദ്രന്‍.