'എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്‍റെ മനസാ...'; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ജയത്തിൽ ഗ്രൗണ്ടില്‍ തുള്ളിച്ചാടി സുനില്‍ ഗവാസ്കര്‍ | Video
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണ നേട്ടമായിരുന്നു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഞായറാഴ്ച സ്വന്തമാക്കിയത്. ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2002 നും 2013 നും ശേഷം മൂന്നാമതും ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്. ഈ അസാധാരണ നേട്ടത്തിനു സാക്ഷ്യം വഹിച്ച ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർക്ക് തന്‍റെ സന്തോഷം മറച്ചുവയ്ക്കാനായില്ല. എന്നു മാത്രമല്ല, കൊച്ചു കുഞ്ഞിനെ പോലെ തുള്ളിച്ചാടുകയും ചെയ്തു. ഇതാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായി മാറിയ 'ഡാന്‍സ്'.
ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടിയ ശേഷം ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ നൃത്തം ചെയ്യുകയും ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ട് റോബിന്‍ ഉത്തപ്പയ്ക്കും സ്പോർട്സ് അവതാരക മായന്തി ലാംഗർക്കും ചിരി നിയന്ത്രിക്കാനാവുന്നില്ല. പിന്നാലെ റോബിൻ ഉത്തപ്പ ഈ നിമിഷങ്ങൾ തന്‍റെ ഫോണിൽ പകർത്തി. ഇതോടെ 75 കാരനായ ഗവാസ്കറുടെ വൈറല്‍ ഡാന്‍സ് ആരാധകരും ഏറ്റെടുക്കുകയായിരുന്നു.
'ദിൽ തോ ബച്ചാ ഹേ ജി' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ 4.5 ദശലക്ഷം വ്യൂസും എക്‌സിൽ 1.1 ദശലക്ഷം വ്യൂസും നേടിയ വിഡിയൊ നിരവധി ക്രിക്കറ്റ് പ്രേമികളെ വികാരഭരിതരാക്കി. 75-ാം വയസിലും ഗവാസ്കർ കാത്തുസൂക്ഷിക്കുന്ന ഫിറ്റ്നസിനെ പ്രശംസിക്കാനും ആരാധകർ മറന്നില്ല...!